സഞ്ജുവും സൂര്യകുമാറും ഹര്‍ദിക്കുമെല്ലാം ബാറ്റിങ്ങില്‍ തീപടര്‍ത്തിയെത്തിയപ്പോള്‍ 49 പന്തുകള്‍ ശേഷിക്കെ പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ ഇന്ത്യ വിജയ ലക്ഷ്യം മറികടന്നു. ഇന്ത്യയുടെ ട്വന്റി20 ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ജയമാണ് ഗ്വാളിയോറിലേത്. അഭിഷേക് ശര്‍മ റണ്‍ഔട്ട് ആയി നേരത്തെ മടങ്ങിയെങ്കിലും പവര്‍പ്ലേയില്‍ ഇന്ത്യ സ്കോര്‍ 70 കടത്തി. ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ഏറ്റവും മികച്ച പവര്‍പ്ലേ സ്കോറാണ് ഇത്. ഇങ്ങനെ ഗ്വാളിയോര്‍ ട്വന്റി20യില്‍ നേട്ടങ്ങള്‍ പലതുമുണ്ടെങ്കിലും ആരാധകരുടെ ശ്രദ്ധ പോകുന്നത് പ്രധാനമായും ഹര്‍ദിക് പാണ്ഡ്യയിലേക്കാണ്. ഹര്‍ദിക് പാണ്ഡ്യയുടെ നോ ലുക്ക് ഷോട്ടിലേക്കാണ്..
ഇന്ത്യന്‍ ഇന്നിങ്സിലെ 12ാം ഓവറിലാണ് ഹര്‍ദിക്കില്‍ നിന്ന് ഏവരേയും അമ്പരപ്പിച്ച ആ അപ്പര്‍ കട്ട് ഷോട്ട് എത്തിയത്. ഇന്ത്യ ജയത്തോട് അടുത്ത് നില്‍ക്കെ തുടരെ മൂന്ന് ബൗണ്ടറി അടിച്ച് ഹര്‍ദിക് ജയം വേഗത്തിലാക്കി. അതില്‍ ആദ്യത്തെ ബൗണ്ടറി നേടാനാണ് ഹര്‍ദിക്കിന്റെ ക്ലാസ് ടച്ച് വന്നത്.
തസ്കിന്‍ അഹമ്മദില്‍ നിന്ന് വന്ന ഷോര്‍ട്ട് പിച്ച് ഡെലിവറിയില്‍ ബാറ്റ് വെച്ച് വിക്കറ്റ് കീപ്പറിന് മുകളിലൂടെ ഹര്‍ദിക് ബൗണ്ടറി നേടി. ഇവിടെ പന്തിലേക്ക് നോക്കാതെ പിഴയ്ക്കാതെ വന്ന ഹര്‍ദിക്കിന്റെ ടൈമിങ് ആണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. ഷോട്ടിന് പിന്നാലെ വന്ന ഹര്‍ദിക്കിന്റെ 'കോള്‍ഡ് ലുക്കും' സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഈ ബൗണ്ടറിക്ക് പിന്നാലെ വന്ന ഷോട്ടില്‍ ഹര്‍ദിക്കിന്റെ കയ്യില്‍ നിന്ന് ബാറ്റ് തെറിച്ച് പോവുകയും ചെയ്തിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 19.5 ഓവറില്‍ 127 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം പിഴുത് അര്‍ഷ്ദീപും വരുണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി ഹര്‍ദിക്കും മായങ്കും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് ബംഗ്ലാദേശിനെ പിടിച്ചുകെട്ടുകയായിരുന്നു. താരതമ്യേന ചെറിയ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യ തുടക്കം മുതലേ റണ്‍റേറ്റ് ഉയര്‍ത്തി തന്നെ നിര്‍ത്തി കളിച്ചു. ഇന്ത്യയുടെ പുതിയ ഓപ്പണിങ് സഖ്യം രണ്ട് ഓവറില്‍ സ്കോര്‍ 25ല്‍ എത്തിച്ചെങ്കിലും അഭിഷേക് ശര്‍മ റണ്‍ഔട്ടാവുകയായിരുന്നു.
ഏഴ് പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്സും സഹിതം 16 റണ്‍സ് എടുത്ത് നില്‍ക്കെയാണ് അഭിഷേക് റണ്‍ഔട്ടാവുന്നത്. തസ്കിന്റെ ഡെലിവറിയില്‍ ഷോര്‍ട്ട് മിഡ് വിക്കറ്റിലേക്കാണ് സഞ്ജു കളിച്ചത്. പിന്നാലെ സിംഗിളിനായി ഏതാനും സ്റ്റെപ്പ് സഞ്ജു മുന്‍പോട്ട് വെച്ചെങ്കിലും പിന്നാലെ പിന്‍വാങ്ങി. ഈ സമയം അഭിഷേക് ക്രീസിന് പകുതി വരെ ഓടിയെത്തിയിരുന്നു. തിരികെ ക്രീസിലേക്ക് കയറും മുന്‍പേ തൗഹിദിന്റെ ഡയറക്റ്റ് ഹിറ്റില്‍ പുറത്തായി. പിന്നാലെ വന്ന സൂര്യകുമാര്‍ യാദവ് 14 പന്തില്‍ 29 റണ്‍സ് നേടി. നിതീഷ് റെഡ്ഡി 16 റണ്‍സ് എടുത്തു. ഹര്‍ദിക് 16 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 39 റണ്‍സ് എടുത്ത് ഇന്ത്യന്‍ ജയം വേഗത്തിലാക്കി.