ഗ്വാളിയോറിലെ ആധികാരിക ജയം ഡല്‍ഹിയിലും ആവര്‍ത്തിക്കാനുറച്ച് ബംഗ്ലാദേശിന് എതിരെ പരമ്പരയിലെ രണ്ടാം ട്വന്റി20ക്കായി ഇന്ത്യ ഇന്നിറങ്ങും. രാത്രി ഏഴുമണിക്ക് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മല്‍സരം. ആദ്യ മല്‍സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ മികച്ച പ്രകടനം തുടരുമെന്നാണ് പ്രതീക്ഷ. ജയിച്ചാല്‍ ഇന്ത്യ മൂന്നുമല്‍സരങ്ങളുടെ പരമ്പര സ്വന്തമാക്കും.
ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നതിന് സഞ്ജുവിന് സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ആദ്യ ട്വന്റി20യില്‍ 19 പന്തില്‍ നിന്ന് ആറ് ഫോറുകളുടെ അകമ്പടിയോടെ 29 റണ്‍സ് ആണ് സഞ്ജു നേടിയത്. ഗ്വാളിയോറില്‍ ഇറങ്ങിയ അതേ സംഘത്തെ തന്നെ ഇന്ത്യ ഡല്‍ഹിയിലും ഇറക്കാനാണ് സാധ്യത.
ഗ്വാളിയോറില്‍ 12 ഓവറില്‍ ബംഗ്ലാദേശ് മുന്‍പില്‍ വെച്ച വിജയ ലക്ഷ്യം ഇന്ത്യ മറികടന്നിരുന്നു. ഡല്‍ഹിയിലും ആക്രമണ ബാറ്റിങ്ങ് എന്ന സമീപനം തന്നെ ഇന്ത്യ തുടരാനാണ് സാധ്യത. ആദ്യ ട്വന്റി20യില്‍ നിതീഷ് കുമാര്‍ ഒഴികെ ബാക്കി എല്ലാ ഇന്ത്യന്‍ ബാറ്റേഴ്സും 150ന് മുകളില്‍ സ്ട്രൈക്ക്റേറ്റ് ഉയര്‍ത്തിയാണ് കളിച്ചത്.
ഡല്‍ഹിയിലെ പിച്ചും ബാറ്റിങ്ങിനെ തുണയ്ക്കുന്നതാണ്. ഇവിടെ നടന്ന കഴിഞ്ഞ ഐപിഎല്‍ സീസണിലെ അഞ്ച് മത്സരങ്ങളില്‍ 10 ഇന്നിങ്സില്‍ ഒന്‍പതിലും 200ന് മുകളില്‍ സ്കോര്‍ ഉയര്‍ന്നിരുന്നു. ഗ്വാളിയോറില്‍ ഇറങ്ങിയ സംഘത്തില്‍ ഇന്ത്യ മാറ്റം വരുത്തുകയാണ് എങ്കില്‍ നിതിഷ് റെഡ്ഡിക്ക് പകരം തിലക് വര്‍മയും മായങ്ക് യാദവിന് പകരം ഹര്‍ഷിദ് റാണയും ടീമിലേക്ക് എത്തിയേക്കും.