ഒന്നാം ഇന്നിങ്സില്‍ 556 റണ്‍സ് സ്കോര്‍ ചെയ്തിട്ടും മുള്‍ട്ടാന്‍ ടെസ്റ്റില്‍ ഇന്നിങ്സിനും 47 റണ്‍സിനും തോല്‍വി ഏറ്റുവാങ്ങി പാക്കിസ്ഥാന്‍. രണ്ടാം ഇന്നിങ്സില്‍ പാക്കിസ്ഥാന്‍ വെറും 220 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ സ്വന്തം മണ്ണില്‍ പാക് ടീമിന് നാണക്കേടിന്‍റെ റെക്കോര്‍ഡും. ഒന്നാം ഇന്നിങ്സില്‍ 500 റണ്‍സ് സ്കോര്‍ ചെയ്തിട്ടും ഇന്നിങ്സ് തോല്‍വി വഴങ്ങുന്ന ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടീമായി പാക്കിസ്ഥാന്‍ മാറി.
മുള്‍ട്ടാന്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടി നിന്ന് പാക്കിസ്ഥാന്‍ ഏറ്റുവാങ്ങിയത് പോലൊരു തോല്‍വി 147 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിന് ഇടയില്‍ മറ്റൊരു ടീമിനുമുണ്ടായട്ടില്ല. ഹാരി ബ്രൂക്കിന്‍റെ ട്രിപ്പിള്‍ സെഞ്ചറിയും ജോ റൂട്ടിന്‍റെ ഇരട്ട ശതകവുമാണ് 800 എന്ന കൂറ്റന്‍ സ്കോറിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചത്.
ഒന്നാം ഇന്നിങ്സില്‍ മൂന്ന് താരങ്ങള്‍ സെഞ്ചറി തൊട്ടതോടെയാണ് പാക്കിസ്ഥാന്‍ 500ലേക്ക് സ്കോര്‍ എത്തിച്ചത്. അബ്ദുള്ള ഷഫീഖ്, ഷാന്‍ മസൂദ്, അഘ സല്‍മാന്‍ എന്നിവര്‍ സ്കോര്‍ മൂന്നക്കം കടത്തി. സൗദ് ഷക്കീല്‍ 84 റണ്‍സും നേടി. എന്നാല്‍ പാക്കിസ്ഥാന്‍ ബോളിങ് നിരയ്ക്ക് ഇംഗ്ലണ്ട് ബാറ്റേഴ്സിനെ ഒരു തരത്തിലും പിടിച്ചുകെട്ടാനായില്ല. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് ബോളര്‍മാര്‍ക്ക് മുന്‍പില്‍ ഒരു തരത്തിലും പിടിച്ചു നില്‍ക്കാന്‍ പാക്കിസ്ഥാന്‍ ബാറ്റേഴ്സിനായില്ല.
63 റണ്‍സ് നേടിയ അഘ സല്‍മാന് ആണ് രണ്ടാം ഇന്നിങ്സിലെ പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഷാന്‍ മസൂദിന്‍റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ വ്യക്തമായ ഗെയിം പ്ലാന്‍ ഒന്നുമില്ലാത്ത പാക്കിസ്ഥാനെയാണ് മുള്‍ട്ടാനില്‍ കണ്ടത്. ബംഗ്ലാദേശിനോട് 2-0ന്റെ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും പാക്കിസ്ഥാന് തിരിച്ചുവരവ് ഇനി ഏറെ ബുദ്ധിമുട്ടാണ്.