823 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്സ് സ്കോറുമായാണ് ഇംഗ്ലണ്ട് മുള്‍ട്ടാന്‍ ടെസ്റ്റില്‍ പാക്കിസ്ഥാനെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടത്. ഇവിടെ ഹാരി ബ്രൂക്ക് ട്രിപ്പിള്‍ സെഞ്ചറി നേടിയപ്പോള്‍ ജോ റൂട്ടിന് തന്റെ ആദ്യ ട്രിപ്പിള്‍ സെഞ്ചറി നേട്ടം കൈ അകലത്തില്‍ നിന്ന് നഷ്ടമായി. 262 റണ്‍സ് എടുത്താണ് ജോ റൂട്ട് മടങ്ങിയത്. എന്നാല്‍ ബാറ്റിങ്ങിനൊപ്പം റൂട്ടിന്റെ മറ്റൊരു നീക്കമാണ് ആരാധകരെ കൗതുകത്തിലാക്കുന്നത്.
മുള്‍ട്ടാനിലെ ചൂടില്‍ വിയര്‍ത്ത് കുളിച്ച് ബാറ്റേന്തിയതിന് പിന്നാലെ ജഴ്സി ബൗണ്ടറി ലൈനിനിപ്പുറം ഉണക്കാനിടുകയായിരുന്നു റൂട്ട്. സോക്സ് ഉള്‍പ്പെടെ റൂട്ട് ഉണക്കാനിട്ടതോടെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഇത് ഏറ്റെടുക്കുകയും ചെയ്തു. മുള്‍ട്ടാനിലെ ചൂടില്‍ റൂട്ട് എത്രമാത്രം വിയര്പ്പൊഴുക്കിയാവും ആ ഇന്നിങ്സ് പടുത്തുയര്‍ത്തിയത് എന്നാണ് ഈ ദൃശ്യം കണ്ടതിന് പിന്നാലെ ആരാധകരുടെ പ്രതികരണങ്ങള്‍.
കളിയിലേക്ക് വരുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ് പാക്കിസ്ഥാന്. 24 ഓവറിലേക്ക് കളി എത്തിയപ്പോഴേക്കും പാക്കിസ്ഥാന് ആറ് വിക്കറ്റുകള്‍ നഷ്ടമായി. സല്മാന് അലിയും ആമിര്‍ ജമാലും കൂട്ടുകെട്ട് ഉയര്‍ത്തി പാക്കിസ്ഥാനെ ഇന്നിങ്സ് തോല്‍വിയില്‍ നിന്ന് രക്ഷപെടുത്താനുള്ള ശ്രമത്തിലാണ്.