വിമര്‍ശനങ്ങളുടെ ഒത്ത നടുവിലായിരുന്നു സഞ്ജു.. കിട്ടിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താത്തവനെന്ന കുറ്റപ്പെടുത്തലില്‍, സമ്മര്‍ദം താങ്ങാനാവാതെ നേരത്തേ വിക്കറ്റ് വലിച്ചെറിഞ്ഞ് അവന്‍ കൂടാരം കയറുമെന്ന് കരുതിയവര്‍ക്ക് തെറ്റി.. 

ആദ്യ മത്സരത്തില്‍ 29 റണ്‍സിനും രണ്ടാം മത്സരത്തില്‍ 10 റണ്‍സും പുറത്തായ സഞ്ജു ഇത്തവണ കരുതിവെച്ചിരുന്നത് ട്വന്റി20യില്‍ ഇന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയും, നല്ല ക്ലാസ് സിക്സറുകളായിരുന്നു. അതും ഒന്നും രണ്ടുമല്ല..  എണ്ണം പറഞ്ഞ 8 ഗ്ലാമറസ് സിക്സറുകള്‍. അതില്‍ അഞ്ചെണ്ണം ഒരോവറില്‍.. മലയാളികള്‍ക്ക് അറുമാദിക്കാന്‍ ഇനി എന്തുവേണം.. നന്ദി സഞ്ജൂ... 

ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20യില്‍ വെറും 40 പന്തില്‍ നിന്നാണ് സഞ്ജു സാംസന്റെ കന്നി സെഞ്ചുറി. അതിന് അകമ്പടിയായി ഒന്‍പത് ഫോറും എട്ട് സിക്സറും. മൂന്നാം മത്സരത്തില്‍ വ്യക്തിഗതമായി വമ്പന്‍ സ്‌കോര്‍ നേടേണ്ടത് ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ 

സഞ്ജുവിന് അത്യാവശ്യമായിരുന്നു. സമ്മര്‍ദ്ദത്തോടെ ബാറ്റ് ചെയ്യാനിറങ്ങിയ സഞ്ജു ഇന്ന് അക്കാര്യം തെളിയിച്ചു... താനില്ലാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അധികകാലം സഞ്ചരിക്കാനാവില്ല.. 

അഭിഷേക് ശർമ തുടക്കത്തിലെ കൂടാരം കയറിയെങ്കിലും, പിന്നീട് ഒത്തുചേര്‍ന്ന സൂര്യകുമാർ യാദവും സഞ്ജു സാംസണും ചേർന്ന് ബോളർമാരെ ദയാരഹിതമായി അടിച്ചുപറത്തി. കേവലം 22 പന്തിൽ നിന്നായിരുന്നു സഞ്ജുവിന്‍റെ അർധ സെഞ്ച്വറി. അവിടം കൊണ്ടും തീര്‍ന്നില്ല. ശെരിക്കുള്ള ദൃശ്യവിരുന്ന് പിന്നീടായിരുന്നു.. 

സഞ്ജു 30 പന്തില്‍ 62 റണ്‍സില്‍ നില്‍ക്കവേയാണ് റിഷാദ് പന്തെറിയാനെത്തിയത്. രണ്ടാം പന്ത് മുതല്‍ സഞ്ജു സംഹാര താണ്ഡവം ആരംഭിച്ചു. ആറാം പന്തും സിക്സര്‍ പറത്തിയതോടെ ചിരിച്ചുകൊണ്ടുള്ള അവന്‍റെ ഒരു വരവ്... സൂര്യകുമാര്‍ യാദവ് ഓടിയെത്തി വാരിപ്പുണര്‍ന്നു, പിന്നാലെ ഗാലറിയിലിരുന്ന് ഗംഭീറിന്‍റെ കൈയ്യടി.. ശ്രീലങ്കയ്‌ക്കെതിരെ രോഹിത് ശർമ്മ നേടിയ 35 പന്തിലെ സെഞ്ച്വറിക്ക് ശേഷം ഒരിന്ത്യക്കാരന്‍റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി ഇനി നമ്മുടെ ചെക്കന്‍റെ പേരില്‍... 

ENGLISH SUMMARY:

Sanju Samson Goes Berserk With 5 Sixes In An Over Before Slamming Maiden T20I Ton