ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20യില്‍ സഞ്ജു സാംസണ് സെഞ്ചറി. 40 പന്തില്‍ നിന്നാണ് സഞ്ജു സാംസന്റെ കന്നി സെഞ്ചറി നേട്ടം. ഒന്‍പത് ഫോറും എട്ട് സിക്സറും നേടി. ട്വന്റി20യില്‍ ഇന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ സെഞ്ചറി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
തുടക്കം മുതല്‍ അടിച്ചുതകര്‍ത്ത സഞ്ജു സാംസണ്‍ മൂന്നാം ഓവറിന്‍റെ ആദ്യപന്തില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ നഷ്ടമായിട്ടും കൂസലില്ലാതെ ബാറ്റുവീശി. ഫലം 22 പന്തില്‍ അര്‍ധസെഞ്ചറി. പിന്നീട് സംഹാരരൂപിയായ മലയാളി താരം വെറും 18 പന്തില്‍ സെഞ്ചറി പൂര്‍ത്തിയാക്കി. ലെഗ് സ്പിന്നര്‍ റിഷാദ് ഹുസൈന്‍ എറിഞ്ഞ പത്താം ഓവറായിരുന്നു സഞ്ജുവിന്‍റെ ക്ലാസും മാസും ഒന്നിച്ച സൂപ്പര്‍ഹിറ്റ്.
ആദ്യപന്തില്‍ സ്ലോഗ് ഷോട്ടിന് ശ്രമിച്ചെങ്കിലും ബീറ്റ് ആയി. പാഡില്‍ തട്ടി പന്ത് ലെഗ് സൈഡിലേക്ക്. റണ്ണില്ല. രണ്ടാം പന്തില്‍ സഞ്ജു സ്വതസിദ്ധമായ ശൈലിയില്‍ ഫ്രണ്ട് ലെഗ് ക്ലിയര്‍ ചെയ്ത പിന്നിലേക്കൊന്നാഞ്ഞ് അനായാസം ബാറ്റുവീശി. ക്ലാസിക് സിക്സര്‍! മൂന്നാം പന്ത്. വീണ്ടും ഫുള്‍ ലെങ്ത് ബോള്‍. ഏത് ബാറ്റര്‍ക്കും സ്റ്റേഡിയത്തിന് പുറത്തേക്ക് പായിക്കാന്‍ തോന്നുന്ന പന്ത് മുന്നോട്ടിറങ്ങി ലോങ് ഓഫിന് മുകളിലൂടെ ഗാലറിയിലേക്ക് പായിച്ചു സഞ്ജു. രണ്ടാം സിക്സര്‍!
നാലാം പന്ത് മോശമായിരുന്നില്ല. വിക്കറ്റിന് നേരെ താഴ്ന്നുവന്ന പന്ത് നിന്ന നില്‍പ്പില്‍ അതേ വഴി സൈറ്റ് സ്ക്രീനിന് മുകളിലേക്ക് പറത്തി സഞ്ജു. സിക്സര്‍ നമ്പര്‍ ത്രീ! ഒരു നിലവാരവുമില്ലാത്ത ബോളിങ് തുടര്‍ന്ന റിഷാദിന്‍റെ നാലാം പന്ത് ഹാഫ് വോളിയായിരുന്നു. ഫ്രണ്ട് ലെഗ് ക്ലിയര്‍ ചെയ്ത ലോങ് ഓണില് മുകളിലൂടെ ഉയര്‍ത്തിവിട്ടു കിങ് സാംസണ്‍. നാലാം സിക്സര്‍! ആത്മവിശ്വാസം നഷ്ടപ്പെട്ട റിഷാദ് എറൗണ്ട ദ് വിക്കറ്റ് ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. ആറാം പന്ത് മോശമായില്ല. എന്നാല്‍ സഞ്ജുവിന്‍റെ ക്ലാസ് എന്തെന്ന് അഞ്ചാം സിക്സ് തെളിയിച്ചു. ക്രീസിലേക്ക് കയറി നിന്ന് മിഡ് വിക്കറ്റിലേക്ക് ഒരു കുഞ്ഞു സിക്സര്‍.