40 പന്തില്‍ സെഞ്ച്വറി അടിച്ചെടുത്ത മലയാളി താരം സഞ്ജു സാംസൺ തന്നെയാണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിലെ വൈറൽ കാഴ്ച്ച. 47 പന്തില്‍ 111 റണ്‍സ് സ്കോർ ചെയ്ത സഞ്ജു അടിച്ചുകൂട്ടിയത് 8 സിക്സറുകളും 11 ബൗണ്ടറിയുമാണ്. എന്നാൽ ആ ക്ലാസ് സിക്സുകൾക്കിടയിൽ മുങ്ങിപ്പോയ സഞ്ജുവിന്റെ ഒരു കിടിലൻ ബൗണ്ടറിയുണ്ട്. അതിമനോഹരമായ ഒരു സ്ട്രൈറ്റ് ഡ്രൈവ്..
സ്ട്രൈറ്റ് ഡ്രൈവുകൾ ഏറ്റവും മനോഹരമായി കളിക്കുന്നതാരെന്ന ചോദ്യത്തിന് എക്കാലത്തും ഒരൊറ്റ ഉത്തരം മാത്രമേയുള്ളൂ. സാക്ഷാൽ ക്രിക്കറ്റിന്റെ ദൈവം.. അതേ സച്ചിന്റെ സ്ട്രൈറ്റ് ഡ്രൈവിനോടാണ് സഞ്ജു ഇന്നലെ അനായാസം തൊടുത്തുവിട്ട ഒരു ബൗണ്ടറിയെ സോഷ്യൽ മീഡിയ ഉപമിക്കുന്നത്.
ഇന്നലെ ക്രിക്കറ്റ് ലോകം മുഴുവൻ ചർച്ചാ വിഷയം ആയ ഷോട്ടുകളിൽ ഒന്ന്, സഞ്ജുവിന്റെ ഈ സ്ട്രൈറ്റ് ഡ്രൈവ്! നല്ല പെർഫെക്ട് ടൈമിംങ്ങും, സ്റ്റാൻസും ഒത്ത ഒരു അടിപൊളി ടച്ച്! മുൻപ് ഇത്രേം കിടിലം ആയിട്ട് സ്ട്രൈറ്റ് ഡ്രൈവ് കളിക്കുന്നത് സച്ചിനെ മാത്രമേ കണ്ടിട്ടുള്ളു! - സൂരജ് എന്ന പ്രൊഫൈലിൽ വന്ന ഒരു പോസ്റ്റാണിത്. ഇതുപോലെ നിരവധി ക്രിക്കറ്റ് പ്രേമികളാണ് ഈ സ്ട്രൈറ്റ് ഡ്രൈവിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.
ഹൈദരാബാദില്‍ ബംഗ്ലാദേശിനെ തച്ചുതകര്‍ത്ത ഈ ഇന്നിങ്സ് സഞ്ജു സാംസണിന്‍റെ ക്രിക്കറ്റ് ജീവിതത്തില്‍ നാഴികക്കല്ലാണ്. രാജ്യാന്തര ട്വന്‍റി ട്വന്‍റി കരിയറിലെ കന്നി സെഞ്ചറി വന്നത് സഞ്ജു ഏറ്റവും ആഗ്രഹിച്ച, ആവശ്യമുണ്ടായിരുന്ന സമയത്താണ്. കഴിഞ്ഞ മല്‍സരത്തില്‍ നിറം മങ്ങിയപ്പോള്‍ സഞ്ജുവിന്‍റെ ഭാവിയെന്താകുമെന്ന് ചിന്തിച്ചവര്‍ക്ക് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നല്‍കിയ മറുപടി കൂടിയായിരുന്നു ഇന്നലത്തെ പ്രകടനം. സെഞ്ചറി നേടിയപ്പോഴും മുസ്തഫിസുര്‍ റഹ്മാന്‍റെ പന്തില്‍ മെഹ്ദി ഹസന് ക്യാച്ച് നല്‍കി മടങ്ങുമ്പോഴും സൂര്യ സഞ്ജുവിനെ ഗാഢമായി ആലിംഗനം ചെയ്ത് ഗാലറികള്‍ക്കുനേരെ ബാറ്റ് നീട്ടിയത് അപൂര്‍വ കാഴ്ചയായി.
തുടക്കം മുതല്‍ അടിച്ചുതകര്‍ത്ത സഞ്ജു സാംസണ്‍ മൂന്നാം ഓവറിന്‍റെ ആദ്യപന്തില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ നഷ്ടമായിട്ടും കൂസലില്ലാതെ ബാറ്റുവീശി. ഫലം 22 പന്തില്‍ അര്‍ധസെഞ്ചറി. പിന്നീട് സംഹാരരൂപിയായ മലയാളി താരം വെറും 18 പന്തില്‍ സെഞ്ചറി പൂര്‍ത്തിയാക്കി. ലെഗ് സ്പിന്നര്‍ റിഷാദ് ഹുസൈന്‍ എറിഞ്ഞ പത്താം ഓവറായിരുന്നു സഞ്ജുവിന്‍റെ ക്ലാസും മാസും ഒന്നിച്ച സൂപ്പര്‍ഹിറ്റ്.
ആദ്യപന്തില്‍ സ്ലോഗ് ഷോട്ടിന് ശ്രമിച്ചെങ്കിലും ബീറ്റ് ആയി. പാഡില്‍ തട്ടി പന്ത് ലെഗ് സൈഡിലേക്ക്. റണ്ണില്ല. രണ്ടാം പന്തില്‍ സഞ്ജു സ്വതസിദ്ധമായ ശൈലിയില്‍ ഫ്രണ്ട് ലെഗ് ക്ലിയര്‍ ചെയ്ത പിന്നിലേക്കൊന്നാഞ്ഞ് അനായാസം ബാറ്റുവീശി. ക്ലാസിക് സിക്സര്‍! മൂന്നാം പന്ത്. വീണ്ടും ഫുള്‍ ലെങ്ത് ബോള്‍. ഏത് ബാറ്റര്‍ക്കും സ്റ്റേഡിയത്തിന് പുറത്തേക്ക് പായിക്കാന്‍ തോന്നുന്ന പന്ത് മുന്നോട്ടിറങ്ങി ലോങ് ഓഫിന് മുകളിലൂടെ ഗാലറിയിലേക്ക് പായിച്ചു സഞ്ജു. രണ്ടാം സിക്സര്‍!നാലാം പന്ത് മോശമായിരുന്നില്ല. വിക്കറ്റിന് നേരെ താഴ്ന്നുവന്ന പന്ത് നിന്ന നില്‍പ്പില്‍ അതേ വഴി സൈറ്റ് സ്ക്രീനിന് മുകളിലേക്ക് പറത്തി സഞ്ജു. സിക്സര്‍ നമ്പര്‍ ത്രീ! ഒരു നിലവാരവുമില്ലാത്ത ബോളിങ് തുടര്‍ന്ന റിഷാദിന്‍റെ നാലാം പന്ത് ഹാഫ് വോളിയായിരുന്നു. ഫ്രണ്ട് ലെഗ് ക്ലിയര്‍ ചെയ്ത ലോങ് ഓണില് മുകളിലൂടെ ഉയര്‍ത്തിവിട്ടു കിങ് സാംസണ്‍. നാലാം സിക്സര്‍! ആത്മവിശ്വാസം നഷ്ടപ്പെട്ട റിഷാദ് എറൗണ്ട ദ് വിക്കറ്റ് ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. ആറാം പന്ത് മോശമായില്ല. എന്നാല്‍ സഞ്ജുവിന്‍റെ ക്ലാസ് എന്തെന്ന് അഞ്ചാം സിക്സ് തെളിയിച്ചു. ക്രീസിലേക്ക് കയറി നിന്ന് മിഡ് വിക്കറ്റിലേക്ക് ഒരു കുഞ്ഞു സിക്സര്‍.
പത്താം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ സഞ്ജു 90കളിലെത്തി. അതിനകം കരിയറിലെ ഉയര്‍ന്ന സ്കോറും പിന്നിട്ടു. പിന്നെ അധികം സമയമെടുത്തില്ല. കാത്തിരുന്ന സെഞ്ചറി പിറന്നു. വിമര്‍ശകര്‍ക്കും ടീം മാനേജ്മെന്‍റിനും ഇതിലും കനത്തൊരു സന്ദേശം നല്‍കാനുണ്ടോ? ഇനിയും ഇയാള്‍ ഇന്ത്യന്‍ ടീമിന്‍റെ സ്ഥിരം സാന്നിധ്യമായില്ലെങ്കില്‍ പിന്നെ കഴിവിനും ഈ പ്രകടനങ്ങള്‍ക്കുമൊക്കെ എന്തുവില!