2015ല്‍ ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറ്റം. അന്ന് സിംബാബ്വെക്കെതിരെ ഹരാരെയില്‍ അരങ്ങേറ്റം കുറിച്ച് സഞ്ജു സാംസണ്‍ പിന്നെ ഇന്ത്യന്‍ ട്വന്റി20 സ്ക്വാഡിന്റെ ഭാഗമാവുന്നത് 2019ലാണ്. ബംഗ്ലാദേശിന് എതിരായ ട്വന്റി20 പരമ്പരയിലായിരുന്നു അത്. പ്ലേയിങ് ഇലവനില്‍ ഇടം നേടാന്‍ സഞ്ജുവിനായില്ല. പിന്നാലെ ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം ട്വന്റി20യില്‍ സഞ്ജു പ്ലേയിങ് ഇലവനില്‍. ആദ്യ പന്ത് തന്നെ സിക്സ് പറത്തി സഞ്ജു തിരിച്ചു വരവ് പ്രഖ്യാപിച്ചു. എന്നാല്‍ രണ്ടാം പന്തില്‍ വിക്കറ്റ് നല്‍കി മടങ്ങി. പിന്നെയങ്ങോട്ട് സ്ക്വാഡിലേക്ക് വന്നും പോയുമിരുന്ന സഞ്ജു സ്ഥിരത നിലനിര്‍ത്തുന്നില്ല എന്ന വിമര്‍ശനമാണ് രാജസ്ഥാന്‍ ക്യാപ്റ്റനെതിരെ വാളെടുക്കുന്നവര്‍ പ്രധാനമായും ഉന്നയിച്ചിരുന്നത്. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് പത്ത് വര്‍ഷത്തിനടുത്ത് എത്തുമ്പോള്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ പിറന്ന മാസ് ഇന്നിങ്സ് ടീമില്‍ സഞ്ജുവിന്റെ സ്ഥാനം ഉറപ്പിക്കുമോ? എന്റെ ട്വന്റി20 ടീമില്‍ എന്നും എല്ലായ്പ്പോഴും സഞ്ജുവിന്റെ പേരുണ്ടാവും എന്ന് പറയുകയാണ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ.
ഒരു നല്ല മനുഷ്യനെ അധിക നാള്‍ നിങ്ങള്‍ക്ക് തഴയാനാവില്ല. എല്ലായ്പ്പോഴും സ്പെഷ്യലായിരുന്ന ഒരു കളിക്കാരന് ഏറെ സ്പെഷ്യലായ നിമിഷം. സഞ്ജു എല്ലായ്പ്പോഴും എന്റെ ട്വന്റി20 ടീമിലുണ്ടാവും, സഞ്ജുവിന്റെ ക്ലാസിക് സെഞ്ചറി പിറന്നതിന് പിന്നാലെ ഹര്‍ഷ ഭോഗ്ലെ എക്സില്‍ കുറിച്ചത് ഇങ്ങനെ.
എന്തൊരു സെഞ്ചറിയാണ്. എക്സ് ഫാക്ടറാകാന്‍ പ്രാപ്തമായ താരങ്ങളെയാണ് ഇന്ത്യക്ക് വേണ്ടത്. സഞ്ജു സാംസണ്‍ ഇവിടെ തുടരാനാണ് വന്നിരിക്കുന്നത്, ഇന്ത്യന്‍ മുന്‍ ബാറ്റര്‍ മുഹമ്മദ് കൈഫ് എക്സില്‍ കുറിച്ചു. ഈ സെഞ്ചറി എത്രമാത്രം വിലപ്പെട്ടതാണ് എന്ന് ഞങ്ങള്‍ക്കറിയാം എന്നാണ് രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്തത്.
ട്വന്റി20യില്‍ രോഹിത് ശര്‍മയുടെ മികച്ചൊരു പകരക്കാരനാണ് സഞ്ജു എന്നാണ് അംപയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബര്‍ഗ് ട്വിറ്ററില്‍ കുറിച്ചത്. 2026 ട്വന്റി20 ലോകകപ്പില്‍ സഞ്ജുവും യശസ്വിയും കൂടി ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത് നല്ലൊരു വിരുന്നാകുമെന്നും അദ്ദേഹം പറയുന്നു. എടാ മോനെ, ഹാപ്പി അല്ലേ കമന്റുകളാണ് സഞ്ജുവിന്റെ ക്ലാസിക് സിക്സുകള്‍ പിറന്ന ഇന്നിങ്സിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.