sanju-india
  • തകര്‍ന്നടിഞ്ഞത് നിരവധി രാജ്യാന്തര റെക്കോഡുകള്‍
  • ഏറ്റവുമധികം ബൗണ്ടറികള്‍ നേടിയ ടീം
  • സഞ്ജുവിന്‍റെ ആദ്യ രാജ്യാന്തര ടി20 സെഞ്ചുറി

അടിയെന്നു പറഞ്ഞാല്‍ പൊരിഞ്ഞ അടി... ബംഗ്ലദേശിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനം കണ്ട ഏവരും ഒരേ സ്വരത്തില്‍ പറഞ്ഞതിങ്ങനെയാണ്.47 പന്തുകളില്‍ നിന്ന് 11 ഫോറുകളും 8 സിക്സറുകളും  ഉള്‍പ്പെടെ 111 റണ്‍സെടുത്ത് മാസ് റീ എന്‍ട്രി നടത്തിയ സഞ്ജു സാംസണായിരുന്നു ഇന്നലത്തെ താരം. ശേഷം പാഡണിഞ്ഞ് ക്രീസിലേക്ക് വന്നവനും നിന്നവനുമെല്ലാം സംഹാരതാണ്ഡവമാടിയപ്പോള്‍ പിറന്നത് രാജ്യാന്തര ടി20യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലായ 297 റണ്‍സ്. 

6 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയ്ക്ക് മുന്നില്‍ നിരവധി റെക്കോഡുകളും തകര്‍ന്നുവീണു

പന്തുകളെല്ലാം നിലം തൊടാതെ ഗാലറിയിലെത്തുന്നത് നോക്കി നില്‍ക്കാനേ ബൗളര്‍മാര്‍ക്ക് സാധിച്ചുള്ളൂ. സഞ്ജുവിനൊപ്പം നിന്ന് സൂര്യകുമാര്‍ യാദവും റിയാന് പരാഗും ഹാര്‍ദിക് പാണ്ഡ്യയുമെല്ലാം ബംഗ്ല ബൗളര്‍മാരെ തല്ലി നിലംപരിശാക്കി 6 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയ്ക്ക് മുന്നില്‍ നിരവധി റെക്കോഡുകളും തിരുത്തിക്കുറിക്കപ്പെട്ടു. 

ആദ്യ 2 മല്‍സരങ്ങളിലും തിളങ്ങാനാകാതെ വിമര്‍ശനമുനയില്‍ നിന്ന സഞ്ജു ആളിക്കത്തുന്നതാണ് ഇന്നെ ഹൈദരബാദില്‍ കണ്ടത്. കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച കളിച്ച സഞ്ജു രാജ്യാന്തര കരിയറിലെ ആദ്യ ടി20 സെഞ്ചുറിയും കുറിച്ചു.  ടി20 ചരിത്രത്തില്‍ ബംഗ്ലദേശിനെതിരായ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് ഇത്.  ഇന്ത്യയ്ക്ക് വേണ്ടി ടി20യില്‍ സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടവും സ‍ഞ്ജു സ്വന്തമാക്കി. 

sanju-2

സെഞ്ചുറി നേടിയ ശേഷം സഞ്ജു സാംസണ്‍

ബംഗ്ലദേശിനെതിരായ അതിവേഗ അര്‍ധ സെഞ്ചുറി എന്ന റെക്കോഡും ഇനി സഞ്ജുവിനാണ്. ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ റെക്കോഡ് തകര്‍ത്തുകൊണ്ട് വെറും 22 പന്തുകളില്‍ നിന്നാണ് സഞ്ജു തന്‍റെ അര്‍ധശതകം തികച്ചത്. സ്റ്റാന്‍ഡ് ചെയ്ത് കളിച്ച സഞ്ജുവിനു മുന്നില്‍ ബംഗ്ലാ ബോളര്‍മാര്‍ക്ക് അടിപതറി. പത്താം ഓവറിലെ അഞ്ച് പന്തുകളും ഗ്യാലറിയില്‍ നിന്ന് പെറുക്കിയെടുക്കേണ്ടി വന്നു റിഷാദ് ഹൊസൈന്. 

ഡേവിഡ് മില്ലറിനും രോഹിത് ശര്‍മയ്ക്കും താഴെ സഞ്ജു ഇടംപിടിച്ചു

രാജ്യാന്തര ടി20 ചരിത്രത്തിലെ തന്നെ വേഗതയേറിയ മൂന്നാമത്തെ സെഞ്ചുറിയാണ് സഞ്ജു നേടിയത്. 35 പന്തുകളില്‍ നിന്ന് സെഞ്ചുറി തികച്ച സൗത്ത് ആഫ്രിക്കയുടെ ഡേവിഡ് മില്ലറിനും രോഹിത് ശര്‍മയ്ക്കും താഴെ ഇന്നലത്തെ പ്രകടനത്തോടെ സഞ്ജു ഇടംപിടിച്ചു.  

sanju-surya

മല്‍സരത്തിനിടെ സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും

രാജ്യാന്തര ടി 20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പാര്‍ട്ണര്‍ഷിപ്പ്

ആദ്യ വിക്കറ്റില്‍ സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 173 റണ്‍സ് കൂട്ടുകെട്ട് (61 പന്തില്‍) രാജ്യാന്തര ടി 20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പാര്‍ട്ണര്‍ഷിപ്പ് സ്കോറാണ്. 

20ഓവര്‍ മല്‍സരത്തിലെ 18ഓവറുകളിലും പത്തോ അതിലധികമോ റണ്‍സ് നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. അതും റെക്കോഡാണ്. 

rinku-singh

ബംഗ്ലദേശിനെതിരായ മല്‍സരത്തില്‍ റിങ്കു സിങ്ങിന്‍റെ ബാറ്റിങ്

രാജ്യാന്തര ടി20യിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് ഇന്നലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ പിറന്നത്. അയര്‍ലന്‍ഡിനെതിരെ അഫ്ഗാനിസ്താന്‍ നേടിയ 278 റണ്‍സിനെയാണ് ഇന്ത്യ മറികടന്നത്. 

2019ല്‍ മംഗോളിയക്കെതിരെ നേപ്പാള്‍ അടിച്ചുകൂട്ടിയ 314 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍. ഇതിനുപിന്നിലായാണ് ഇപ്പോള്‍ ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. 

ഏറ്റവുമധികം ബൗണ്ടറികള്‍ നേടിയ ടീം എന്ന റെക്കോഡും ഇനി ഇന്ത്യയ്ക്ക് സ്വന്തമാണ്. ക്രീസില്‍ നിലയുറപ്പിച്ച ഇന്ത്യന്‍ ബാറ്റര്‍മാര്‍ 47 ബൗണ്ടറികളാണ് ഇന്നലെ നേടിയത്. രാജ്യാന്തര ടി20യിലെ പുതിയ റെക്കോഡാണിത്. സഞ്ജു സാംസണ്‍ 11, സൂര്യകുമാര്‍ 8, ഹാര്‍ദിക് പാണ്ഡ്യ 4 അഭിഷേക് ശര്‍മയും റിങ്കു സിങും ഓരോ ബൗണ്ടറികള്‍  എന്നിങ്ങനെയാണ് കണക്ക്. 

hardik-pandya-t20

ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ്

രാജ്യാന്തര ടി20യില്‍ ഏറ്റവുമധികം സിക്സറുകള്‍ പിറന്ന മല്‍സരങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ് ഇന്നലത്തെ ഇന്ത്യയുടെ പ്രകടനം. 22 സിക്സറുകളാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഇന്നലെ നേടിയത്. 

ഇത്രയും ചുരുങ്ങിയ ഓവറുകളില്‍ ടീം ടോട്ടല്‍ നൂറ് കടന്നതും ഇന്നലെയാണ്.

രാജ്യാന്തര ടി20യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ ടോട്ടലാണ് ഇന്നലെ പിറന്നത്. ആദ്യ ആറ് ഓവറുകള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 82/1 എന്ന നിലയിലായിരുന്നു. വീണ്ടും ആക്രമിച്ചു കളിച്ച സൂര്യകുമാറും സഞ്ജുവും 7.1 ഓവറില്‍ തന്നെ ടീം ടോട്ടല്‍ മൂന്നക്കം കടത്തി. ഇത്രയും ചുരുങ്ങിയ ഓവറുകളില്‍ ടീം ടോട്ടല്‍ നൂറ് കടന്നതും ഇന്നലെയാണ്. 

14ാം ഓവറില്‍ തന്നെ 200 കടന്ന് ഇന്ത്യന്‍ സ്കോര്‍

അതിവേഗം 200 സ്വന്തമാക്കുന്ന രണ്ടാമത്തെ ടീം എന്ന റെക്കോഡിലെക്കും ഇന്നലെ ഇന്ത്യ ചെന്നെത്തി. ബോളുകള്‍ നിലംതൊടാതെ പറന്നപ്പോള്‍ 14ാം ഓവറില്‍ തന്നെ ഇന്ത്യന്‍ സ്കോര്‍  200 കടന്നിരുന്നു. 13.5 ഓവറില്‍ ടീം ടോട്ടല്‍ 200 കടത്തിയ സൗത്ത് ആഫ്രിക്കയ്ക്ക് പിന്നിലായും ഇന്ത്യ ഇടംപിടിച്ചു. 

ENGLISH SUMMARY:

T20 International Records Beaten By Indian Team In Match Agaianst Bangladesh