sanju-raiphi-new

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഒരോവറിലെ അഞ്ച് പന്തും സിക്സ് പറത്തി സഞ്ജുവിന്‍റെ മാസ് ‌ഷോ. മെന്‍റര്‍ക്ക്  കൊടുത്ത വാക്കായിരുന്നു ഈ അഞ്ച് സിക്സ് എന്നായിരുന്നു മത്സരത്തിന് ശേഷം സഞ്ജുവിന്‍റെ വാക്കുകൾ. അതോടെ ആരാണ് സഞ്ജുവിന്‍റെ ആ മെന്‍റർ എന്നായി ആരാധകരുടെ ചർച്ച. എന്തുകൊണ്ട് ആറിൽ ആറ് പന്തും സിക്സ് പറത്താൻ ആ മെന്‍റർ പറഞ്ഞില്ല എന്ന ചോദ്യവും ആരാധകരില്‍ നിന്ന് ഉയര്‍ന്നു. ആഭ്യന്തരക്രിക്കറ്റില്‍ ഒരോവറിലെ അഞ്ച് പന്തും സിക്സ് പറത്തിയ ആളാണ് ആ മെന്‍റർ. അഞ്ചുപന്തില്‍ അടുപ്പിച്ച്  സിക്സ് പറത്തിയത് ഒരുവട്ടമല്ല, പലവട്ടം. റെയ്ഫി വിന്‍സെന്‍റ്  ​ഗോമസ്. കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് പരിചിതമായ പേര്. സഞ്ജുവിന്‍റെ ഇപ്പോഴത്തെ തീപാറും ഇന്നിങ്സുകൾക്ക് പിന്നിൽ റെയ്ഫിയുടെ പങ്ക് നിർണായകമാണ്. എങ്ങനെയാണ് മൂന്ന് ട്വന്‍റി20 സെഞ്ചറികളിലേക്ക് സഞ്ജു എത്തി നിൽക്കുന്നത് എന്നതിനെ കുറിച്ച് പറയുകയാണ് റെയ്ഫി മനോരമന്യൂസ്.കോമിനോട്.   

റെയ്ഫിയോട് സഞ്ജു ആവശ്യപ്പെട്ടത്...

ദുലീപ് ട്രോഫി കളിക്കുന്നതിന് മുൻപ് സഞ്ജു ദുബായിൽ ഉണ്ടായിരുന്നു. ആ സമയത്ത് ഞങ്ങളൊരുമിച്ച് പരിശീലനം നടത്തി. ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നതിന് മുൻപും പരിശീലനത്തിനായി വന്നിരുന്നു. എന്‍റെ അടുത്ത് സഞ്ജു ആവശ്യപ്പെട്ടത് ഒരു കാര്യമായിരുന്നു, കോവിഡിന് ശേഷം വന്ന ഐപിഎല്ലിൽ കളിച്ചത് പോലൊരു ബാറ്റിങ് ഫ്ളോയിലേക്ക് എത്തുക. അതിനുവേണ്ടിയായിരുന്നു  പിന്നെ ഞങ്ങളുടെ ശ്രമങ്ങൾ. കോവിഡ് ലോക്ഡൗണിന്‍റെ സമയത്ത് ഒരുപാട് കഠിനാധ്വാനം ചെയ്തിരുന്നു. ഇപ്പോഴുള്ളത് പോലെ ബാറ്റിങ് ഫ്ലോ കൊണ്ടുവരാൻ അന്നേ ശ്രമം തുടങ്ങി. ലോക്ഡൗൺ സമയം പുറത്തെങ്ങും പോകാൻ കഴിയാതിരുന്നതോടെ എന്‍റെ വീടിന്‍റെ ടെറസിന് മുകളിൽ ടർഫ് ഒരുക്കിയായിരുന്നു പരിശീലനം. അങ്ങനെയാണ് ഇത്തരത്തിലൊരു ബാറ്റിങ് ഫ്ലോയിലേക്ക്  എത്തുന്നത്. കോവിഡിന് ശേഷമുള്ള ഐപിഎല്ലിൽ സഞ്ജു നന്നായി കളിച്ചു. പഞ്ചാബിനും ചെന്നൈക്കും എതിരെ നല്ല ഇന്നിങ്സുകൾ വന്നു. കുറഞ്ഞ  ബോളിൽ നിന്ന് വലിയ  ഇംപാക്ട്  ഉണ്ടാക്കിയ ഇന്നിങ്സുകളായിരുന്നു അതെല്ലാം. വൈഡ് റേഞ്ച് ഓഫ് ഷോട്ട്സ് കളിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. അതുപോലൊരു ഫ്ളോ ആണ് സഞ്ജുവിന് ഇപ്പോൾ വേണ്ടിയിരുന്നത്. അതിലേക്ക്  തിരികെ വരുന്നതിന് ഒരു രീതിയുണ്ട്. ആ രീതിയിൽ പരിശീലനം നടത്തി കഴിയുമ്പോൾ ആ ഫ്ളോ തിരിച്ചു വരും എന്നതിൽ ഒരു സംശയവും ഇല്ല. അതിനുവേണ്ട  പരിശീലനമാണ്  എന്‍റെ കീഴിൽ സഞ്ജു നടത്തിയത്. അത്തരം  ശ്രമങ്ങൾ ഇന്നും ഇന്നലേയും  തുടങ്ങിയതല്ല. ഒരുപാട് നാളത്തെ പ്രയത്നത്തിന്‍റെ ഫലമാണ് ഇപ്പോൾ ലഭിക്കുന്നത്.

raiphi-sanju

അങ്ങനെ പരിശീലനം നടത്തിയതിന് ശേഷമാണ് സഞ്ജു ദുലീപ് ട്രോഫി കളിക്കാൻ പോയതും സെഞ്ചറിയടിച്ചതും. ശ്രീലങ്കയുമായുള്ള പരമ്പര കഴിഞ്ഞതിന് ശേഷമായിരുന്നു ഇത്. ഈ രീതിയില്‍ പരിശീലിക്കുമ്പോള്‍  ഒരുപാട് സമയം ഷോട്ട് കളിക്കാൻ ബാറ്റർക്ക് ലഭിക്കും. ബോൾ കൃത്യമായി കണക്ട് ചെയ്യാൻ വേണ്ട സമയവും  കിട്ടും.

സഞ്ജുവിന്‍റെ കൂറ്റനടികൾക്ക് പിന്നിൽ

സിക്സ് അടിക്കുന്നതിന് പിന്നിൽ ബാറ്ററുടെ പവർ മാത്രമല്ല. ടൈമിങ്ങും ശരീരത്തിന്‍റെ ബാലൻസും അലൈൻമെന്‍റും ഫ്ളോയും  കൃത്യമായി വരുമ്പോഴാണ് ബോൾ അത്രയും ‍അകലത്തിൽ പോകുന്നത്. 'എലോങ് ദ ​ഗ്രൗണ്ട്' ഷോട്ടുകൾ ഒരുപാട് വട്ടം പരിശീലിച്ചാൽ മാത്രമേ അത് മികവോടെ തുടരെ കളിക്കാൻ സാധിക്കുകയുള്ളു. എല്ലാ ടൈപ്പ് ബോളർമാർക്കെതിരേയും എലോങ് ദ് ​ഗ്രൗണ്ട് ഷോട്ടുകൾ കളിക്കാൻ പരിശീലിക്കണം. അല്ലെങ്കിൽ ഒന്നോ രണ്ടോ സിക്സ് അടിക്കാൻ സാധിച്ചേക്കും. പിന്നെ ശ്രമിക്കുമ്പോൾ മിസ് ഹിറ്റാവാൻ സാധ്യതയുണ്ട്. കൃത്യമായിട്ടുള്ള ബോഡിയുടെ മെക്കാനിസവും ഫ്ളോയുമെല്ലാം വളരെ കൃത്യമായി വരുമ്പോഴാണ് സ്ഥിരതയോടെ  എലോങ് ദ് ​​ഗ്രൗണ്ട് ബൗണ്ടറി അടിക്കാൻ പറ്റുന്നത്. തുടരെ പരിശീലനം നടത്തി കഴിയുമ്പോൾ ഓരോ ഷോട്ടിനും വേണ്ട മസിൽ മെമ്മറി കൃത്യമായി വരും. അഞ്ച് സിക്സ് സഞ്ജു അടിക്കുന്നത് നമ്മളെല്ലാവരും കണ്ടു. സ്ഥിരതയോടെ വർക്ക് ചെയ്യുന്നത് കൊണ്ടാണ് സഞ്ജുവിന് അതിന് സാധിച്ചത്. അങ്ങനെ വരുമ്പോൾ ഫ്രണ്ട് ഫൂട്ട്, ബാക്ക് ഫൂട്ട് വ്യത്യാസമില്ലാതെ കൂറ്റൻ ഷോട്ടുകൾ കളിക്കാൻ സാധിക്കും. റാഷിദ് ഖാനെതിരെ സഞ്ജു തുടരെ മൂന്ന് സിക്സ് പറത്തിയതും ഓർക്കണം.

sanju-raiphi

സഞ്ജു ഒരുപാട് പ്രാപ്തിയുള്ള കളിക്കാരനാണ്. സഞ്ജു സിക്സ് അടിച്ചാൽ എത്ര ദൂരം പോകുമെന്ന് നമ്മൾ കാണുന്നതാണ്. ഒരു സിക്സ് അടിക്കാൻ കഴിയുമെങ്കില്‍   ഒരോവറിൽ അഞ്ച് സിക്സ് അടിക്കാനുമാകും. നമ്മുടെ മനസാണ് പലപ്പോഴും നമുക്ക് പരിധി നശ്ചയിക്കുന്നത്. 2013 വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദിന് എതിരെ ഒരോവറിൽ അഞ്ച് സിക്സും ഒരു ഫോറും ഞാൻ അടിച്ചിരുന്നു. അണ്ടർ 19 കളിക്കുമ്പോൾ കർണാടകയ്ക്ക് എതിരെ അഞ്ച് സിക്സ് ഒരോവറിൽ അടിച്ചു. ഡിവൈ പാട്ടീല്‍ ട്വന്റി20 ടൂർണമെന്റിൽ ലെ​ഗ് സ്പിന്നറിനെതിരെ ഒരോവറിൽ നാല് സിക്സ്  അടിക്കാൻ എനിക്ക് സാധിച്ചിരുന്നു. അങ്ങനെ കളിച്ചൊരാൾ എന്ന നിലയിൽ അഞ്ച് സിക്സ് ഒരോവറിൽ എന്നത് സാധ്യമാണെന്ന്  എനിക്ക് അറിയാം. സഞ്ജുവിനെ പോലെ കഴിവുള്ള താരത്തിന് അത് എളുപ്പമാണ്. സഞ്ജുവിനോട് ഞാനത് ഒരുപാട് പറയുമായിരുന്നു. ഒരോവറിൽ അഞ്ചും ആറും സിക്സ് അടിക്കുക എന്ന് പറഞ്ഞാൽ അത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല. യുവരാജ് സിങ് ആറ് സിക്സ് അടിക്കാനുള്ള പ്രധാന കാരണം അദ്ദേഹം ബോൾ നന്നായി പിക്ക് ചെയ്തു. ത്രൂ ദ് ലൈൻ ആണ് എല്ലാ സിക്സും അടിച്ചത്. അതുപോലൊരു രീതിയാണ് സഞ്ജുവിന്റേതും. ബോൾ ഏത് ദിശയിലേക്ക് പോകുന്നോ അവിടേക്ക് തന്നെ ബോൾ നന്നായി പ്ലേസ് ചെയ്യാൻ, എലോങ് ദ് ​ഗ്രൗണ്ടും ഓവർ ദ് ​ഗ്രൗണ്ടും ബൗണ്ടറി നേടാനും സാധിക്കും. സഞ്ജുവിന് ഇത് പറ്റും എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. കുറേ നാളായി ഞങ്ങൾ അത് സംസാരിച്ചിരുന്നു. 

എല്ലാ ഫോർമാറ്റിലും കളിക്കാൻ പറ്റുന്ന ​ഗെയിം ആണ് സഞ്ജുവിന്‍റേത്. ആഭ്യന്തര ക്രിക്കറ്റിലാണെങ്കിലും എല്ലാ ഫോർമാറ്റിലും സഞ്ജു സ്ഥിരത പുലർത്തുന്നു. ഏത് ഫോർമാറ്റ് ആണെങ്കിലും ഇംപാക്ട് ഉള്ള ​ഗെയിമാണ് സഞ്ജുവിന്‍റേത്. സാഹചര്യം എന്താണോ അതനുസരിച്ച് ​ഗെയിമിന്‍റെ ​താളം സഞ്ജുവിന് ഫോളോ ചെയ്ത് പോകാൻ സാധിക്കും. മൂന്നുഫോര്‍മാറ്റിലും സഞ്ജു കളിക്കേണ്ടത് ഇന്ത്യന്‍ ടീമിനാവശ്യമാണ്. ഓപ്പണിങ്ങിലായാലും മറ്റേത് പൊസിഷനിൽ ആയാലും അതനുസരിച്ച് കളിക്കാൻ സഞ്ജുവിന് പ്രാപ്തിയും പക്വതയുമുണ്ട്. ഇതിന് മുൻപ് സഞ്ജു അധികം ഇന്നിങ്സ് ഓപ്പൺ ചെയ്തിട്ടില്ല, പക്ഷെ ഓപ്പണിങ്ങിൽ മികച്ച പ്രകടനം നടത്തി. വൺ ഡൗൺ പോയാലും, ബാറ്റിങ് നിരയില്‍ താഴെയായാലും  ടീമിനെന്താണോ ആവശ്യം  ആ രീതിയില്‍ കളിക്കുന്ന ബാറ്ററാണ് സഞ്ജു. ഈ കാലത്ത് ഒരു ക്രിക്കറ്റ് താരത്തിന് ഒരു പ്രത്യേക പൊസിഷനിലേ കളിക്കൂ എന്ന് വാശി പിടിക്കാനാവില്ല. ടീം മാനോജ്മെന്റ് ആവശ്യപ്പെടുന്നത് എന്താണോ അത് ചെയ്യാൻ റെഡിയായിരിക്കണം എന്നതാണ് ഈ കാലത്തെ ക്രിക്കറ്റ് താരങ്ങൾ ചെയ്യേണ്ടത്. ഇതൊരു തുടക്കം മാത്രമാണ്. സഞ്ജുവിന് ഇനിയും ഒരുപാട് ദൂരം മുൻപോട്ട് പോകാനുള്ളതാണ്, റെയഫി പറയുന്നു.