അര്‍ധ ശതകവുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഒറ്റയ്ക്ക് നിന്ന് പൊരുതിയെങ്കിലും നിര്‍ണായക മത്സരത്തില്‍ ഓസ്ട്രേലിയയോട് 9 റണ്‍സ് തോല്‍വി വഴങ്ങി ഇന്ത്യന്‍ വനിതകള്‍. ഓസ്ട്രേലിയയോട് തോറ്റതോടെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സെമിഫൈനല്‍ സാധ്യതകള്‍ക്ക് കനത്ത തിരിച്ചടി. നിര്‍ണായക മല്‍സരത്തില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 152 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് മാത്രമാണ് നേടാനായത്.
ഇന്ന് നടക്കുന്ന പാക്കിസ്ഥാന്‍–ന്യൂസിലന്‍ഡ് മല്‍സരത്തില്‍ ന്യൂസിലന്‍ഡിനെ പാക്കിസ്ഥാന്‍ തോല്‍പിച്ചാല്‍ മാത്രമാണ് ഇന്ത്യക്ക് സെമി സാധ്യതയുള്ളത്. ന്യൂസിലന്‍ഡ് ജയിച്ചാല്‍ ഇന്ത്യ സെമികാണാതെ പുറത്താകും. ഇന്ത്യയെ തോല്‍പിച്ച ഓസ്ട്രേലിയ സെമി ഫൈനലിലെത്തി.
47-3 എന്ന നിലയിലേക്ക് ചെയ്സ് ചെയ്ത് ഇറങ്ങിയ ഇന്ത്യ വീണെങ്കിലും ഹര്‍മന്‍പ്രീതും ദീപ്തി ശര്‍മയും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ മുന്‍പോട്ട് കൊണ്ടുപോയി. എന്നാല്‍ ഇന്ത്യന്‍ സ്കോര്‍ 110 നില്‍ക്കെ 29 റണ്‍സ് എടുത്ത ദീപ്തി ശര്‍മ പുറത്തായതോടെ ഇന്ത്യന്‍ തകര്‍ച്ച ആരംഭിച്ചു. രണ്ട് ഇന്ത്യന്‍ താരങ്ങളാണ് റണ്‍ഔട്ടായത്.
നിലവില്‍ ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും രണ്ട് തോല്‍വിയുമായി നാല് പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മൂന്ന് മത്സരങ്ങളില്‍ നിന്ന് ന്യൂസിലന്‍ഡിനുള്ളത് നാല് പോയിന്റും ന്യൂസിലന്‍ഡിനെ പാക്കിസ്ഥാന്‍ തോല്‍പ്പിച്ചാല്‍ പാക്കിസ്ഥാന് നാല് പോയിന്റാവും. എന്നാല്‍ നെറ്റ്റണ്‍റേറ്റില്‍ പാക്കിസ്ഥാന് മുകളില്‍ നില്‍ക്കുന്നതിനാല്‍ ഇന്ത്യക്ക് സെമിയില്‍ കടക്കാനാവും.