facebook.com/ShashiTharoor

facebook.com/ShashiTharoor

ഹൈദരാബാദില്‍ ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20യിൽ സെഞ്ചറി നേടിയ ശേഷം നാട്ടിൽ തിരിച്ചെത്തിയ സഞ്ജു സാംസണ് ശശി തരൂര്‍ എംപിയുടെ അഭിനന്ദനം. ഇന്ത്യൻ ജഴ്സിയുടെ നിറത്തിലുള്ള ‘പൊന്നാട’ തേടി കണ്ടെത്തി അണിയിച്ചാണ് സഞ്ജുവിനെ തരൂര്‍ അഭിനന്ദിച്ചത്. തിരുവനന്തപുരത്തെത്തിയപ്പോളാണ് തരൂര്‍ സഞ്ജുവിനെ പൊന്നാട അണിയിച്ചത്.

സഞ്ജുവിനെ അഭിനന്ദിക്കുന്ന ചിത്രങ്ങള്‍ തരൂര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘ബംഗ്ലാദേശിനെതിരായ തകർപ്പൻ സെഞ്ചുറിക്ക് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഹീറോയ്ക്ക് സ്വാഗതം നൽകുന്നതിൽ സന്തോഷം. ഇന്ത്യൻ ജഴ്സിയുടെ നിറത്തിലുള്ള ‘പൊന്നാട’ തന്നെ സഞ്ജുവിനു വേണ്ടി കണ്ടെത്തി’, ചിത്രങ്ങള്‍ പങ്കുവച്ച് ശശി തരൂർ എക്സിൽ കുറിച്ചു.

രാജ്യാന്തര ട്വന്‍റി ട്വന്‍റി കരിയറിലെ സഞ്ജുവിന്‍റെ കന്നി സെഞ്ചറിയാണ് ഹൈദരാബാദില്‍ പിറന്നത്. പുറത്താകുമ്പോള്‍ 47 പന്തില്‍ 111 റണ്‍സെടുത്തിരുന്നു സഞ്ജു. 8 സിക്സറുകള്‍. 11 ബൗണ്ടറി. ഹൈദരാബാദില്‍ ബംഗ്ലാദേശിനെ തച്ചുതകര്‍ത്ത ഈ ഇന്നിങ്സ് സഞ്ജു സാംസണിന്‍റെ ക്രിക്കറ്റ് ജീവിതത്തില്‍ നാഴികക്കല്ലാകുമെന്നുറപ്പാണ്. 133 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്. ജയത്തോടെ മൂന്നു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 3–0ന് സ്വന്തമാക്കുകയും ചെയ്തു. 

ENGLISH SUMMARY:

After scoring a century in the third T20 against Bangladesh in Hyderabad, Shashi Tharoor honored Sanju by draping him in a 'ponnada' (traditional Kerala shawl) in the colors of the Indian jersey. Tharoor welcomed Sanju with the shawl upon his arrival in Thiruvananthapuram.