സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഉണ്ടാവില്ലെന്ന് സൂചിപ്പിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ന്യൂസീലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് രോഹിത്, ആരാധകരെയും ഷമിയെയും നിരാശപ്പെടുത്തുന്ന പരാമര്‍ശം നടത്തിയത്. അടുത്തമാസം 22നാണ് ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഷമി ഫിറ്റാണെങ്കില്‍പ്പോലും ഓസ്ട്രേലിയയില്‍ കൊണ്ടുപോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് രോഹിത്തിന്‍റെ നിലപാട്.
ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്ന ഷമിക്ക് ഓസ്ട്രേലിയയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകില്ലെന്ന് ക്യാപ്റ്റന്‍ തുറന്ന് പറയുന്നു. 'ഷമിക്ക് പരുക്കും മുട്ടില്‍ നീരുമുണ്ടായിരുന്നു. വിശ്രമത്തിനുശേഷം എല്ലാം ആദ്യം മുതല്‍ തുടങ്ങേണ്ടതുണ്ട്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഡോക്ടര്‍മാര്‍ക്കും ഫിസിയോ തെറപ്പിസ്റ്റുകള്‍ക്കുമൊപ്പമാണ് ഷമിയിപ്പോള്‍. പൂര്‍ണ ശാരീരികക്ഷമത ഇല്ലാത്ത ഷമിയുമായി ഓസ്ട്രേലിയയ്ക്ക് പോകാനാവില്ല. പക്ഷേ പ്രാര്‍ഥനയോടെ കാത്തിരിക്കുന്നു'വെന്നായിരുന്നു രോഹിതിന്‍റെ വാക്കുകള്‍. ‘ശാരീരികക്ഷമത വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഷമി. പൂര്‍ണതോതില്‍ ഫിറ്റാകണം. ഞങ്ങള്‍ക്കും ഷമിയെ അങ്ങനെ തന്നെ കാണാനാണ് ആഗ്രഹം. അല്ലാതെ പരമ്പരയില്‍ ഉള്‍പ്പെടുത്തിയാല്‍ ടീമിന് ഗുണം ചെയ്യില്ല.’മാനേജ്മെന്‍റിനും ഇതേ അഭിപ്രായമാണെന്നും ക്യാപ്റ്റന്‍ വിശദീകരിക്കുന്നു.
ഷമിയെപ്പോലൊരു താരം ദീര്‍ഘകാലം പുറത്തിരിക്കേണ്ടി വരുന്നത് സങ്കടകരമാണ്. അങ്ങനെയൊരു സാഹചര്യത്തിലുള്ള കളിക്കാരനില്‍ നിന്ന് പെട്ടന്നൊരു ദിവസം ഏറ്റവും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നതും ശരിയല്ലെന്ന് രോഹിത് പറഞ്ഞു. പരുക്ക് ഭേദമായി ആഭ്യന്തര മല്‍സരങ്ങള്‍ കളിച്ചശേഷം മാത്രമേ ഷമി ദേശീയ ടീമിലേക്ക് തിരിച്ചെത്തൂ എന്ന വ്യക്തമായ സൂചനയാണ് രോഹിതിന്‍റെ വാക്കുകളില്‍ ഉള്ളത്.
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഷമിയില്ലെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. ഇത് ഷമി നിഷേധിക്കുകയും ചെയ്തു. 'എന്തിനാണ് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്? പരുക്കില്‍ നിന്ന് മോചിതനാകാന്‍, ഫോം വീണ്ടെടുക്കാനെല്ലാം എന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിക്കുകയാണ്. ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയില്‍ ഞാനില്ലെന്ന് ബിസിസിഐയോ, പരമ്പരയ്ക്കില്ലെന്ന് ഞാനോ ഇതുവരെ പറഞ്ഞിട്ടുണ്ടോ?' മറിച്ചുള്ളതെല്ലാം അഭ്യൂഹം മാത്രമാണെന്നും ഔദ്യോഗിക തീരുമാനം താന്‍ അറിയിക്കുമെന്നും' ഷമി നേരത്തെ എക്സില്‍ കുറിച്ചിരുന്നു. രോഹിത്തിന്‍റെ വാക്കുകള്‍ സൂചന മാത്രമാണെന്നും അന്തിമതീരുമാനം ബിസിസിഐ തന്നെയാകും എടുക്കുകയെന്നും ആരാധകരും പറയുന്നു.