ബെംഗളൂരു ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് എതിരെ ബാറ്റിങ് തകര്‍ച്ച നേരിട്ടതിന് പിന്നാലെ ഇന്ത്യന്‍ തന്ത്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. മഴയെടുത്ത ആദ്യ ദിവസത്തിന് ശേഷം ബെംഗളൂരുവിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ ഈ തീരുമാനം തന്നെ തെറ്റെന്ന് തെളിയിച്ചാണ് ആദ്യ സെഷന്‍ അവസാനിച്ചത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് എന്ന നിലയിലാണ്.
എന്തുകൊണ്ടാണ് ബെംഗളൂരുവിലെ കാലാവസ്ഥ പരിഗണിക്കാതെ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തത് എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ന്യൂസിലന്‍ഡ് പേസര്‍മാര്‍ക്ക് സീം മൂവ്മെന്‍റും സ്വിങ്ങും കണ്ടെത്താന്‍ സാധിക്കും എന്ന് വ്യക്തമായിട്ടും ആദ്യം ബാറ്റ് ചെയ്യാനാണ് ഇന്ത്യ തീരുമാനിച്ചത്. ഈ തീരുമാനം വലിയ തിരിച്ചടിയായി.
വണ്‍ഡൗണായി കെ എല്‍ രാഹുലിനെ ഇറക്കാതിരുന്നതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന മറ്റൊരു കാരണം. കോലിയാണ് രോഹിത് പുറത്തായതിന് പിന്നാലെ ക്രീസിലേക്ക് എത്തിയത്. ഹോം ബോയിയായ രാഹുലിനെ തന്നെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലെ മൂന്നാംസ്ഥാത്ത് ഇറങ്ങേണ്ടിയിരുന്നത്. അങ്ങിനെയെങ്കില്‍ പിച്ചിലെയടക്കം രാഹുലിന്‍റെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്താായിരുന്നു
ശുഭ്മാന്‍ ഗില്ലിന് പരുക്കേറ്റതിനെ തുടര്‍ന്ന് പ്ലേയിങ് ഇലവനിലേക്ക് എത്തിയ സര്‍ഫറാസ് ഖാനും ശേഷമാണ് രാഹുല്‍ ക്രീസിലേക്ക് എത്തിയത്. രാഹുലിന്‍റെ ബാറ്റിങ് പൊസിഷന്‍ താഴേക്ക് മാറ്റിയ ടീം മാനേജ്മെന്‍റിന്‍റെ നീക്കവും ചോദ്യം ചെയ്യപ്പെടുന്നു. ബംഗ്ലാദേശിനെതിരായ 2 ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരി എത്തുന്ന ഇന്ത്യയുടെ അമിത ആത്മവിശ്വാസമാണോ ഇത്തരം തീരുമാനങ്ങളില്‍ പ്രകടമായത് എന്ന ചോദ്യമാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്നത്.