ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്ക് പകരം ജസ്പ്രീത് ബുംറ ഇന്ത്യന്‍ ക്യാപ്റ്റനായേക്കും. രോഹിത് മാറിനില്‍ക്കാന്‍ തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ശുഭ്മന്‍ ഗില്ലും പ്രസിദ്ധ് കൃഷ്ണയും ടീമിലെത്തിയേക്കും. നാളെ തുടങ്ങുന്ന അഞ്ചാം ടെസ്റ്റില്‍ തോറ്റാല്‍ ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് ഫൈനല്‍ കാണാതെ പുറത്താകും
മല്‍സരത്തിന് മുന്നോടിയായുള്ള പതിവ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇന്ന് രോഹിത് ശര്‍മ വിട്ടുനിന്നു. രോഹിത്തെവിടെ എന്ന ആദ്യ ചോദ്യത്തിന് പരിശീലകനുണ്ടല്ലോ അതുമതിയെന്ന് ഗംഭീറിന്റെ മറുപടി. മണിക്കൂറുകള്‍ക്കകം സിഡ്നി ടെസ്റ്റില്‍ നിന്ന് രോഹിത് വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തി. പകരം ബുംറ നായകനാകുമെന്നും ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു. പ്ലെയിങ് ഇലവനിലേക്ക് എത്തുന്ന ശുഭ്മന്‍ ഗില്‍ മൂന്നാമനമായി ഇറങ്ങും.
പരുക്കേറ്റ് പുറത്തായ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയ്ക്കാകും അവസരം. നാളെ പിച്ച് വിലയിരുത്തിയ ശേഷം മാത്രമേ പ്ലെയിങ് ഇലവന്‍ തീരുമാനിക്കൂവെന്ന് ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡ്രസിങ് റൂമിലെ സംഭാഷണം പുറത്തായതിനെക്കുറിച്ചുള്ള ചോദ്യത്തിന് ടീം സംഭാഷണങ്ങള്‍ പുറത്തുപറയാനുള്ളതല്ലെന്നും ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനാണ് വിമര്‍ശനങ്ങളെന്നായിരുന്നു ഗംഭീറിന്റെ മറുപടി.