ഫിറ്റ്നസ് പ്രശ്നങ്ങളും പരിശീലനത്തിനു കൃത്യമായി എത്താത്തതും മൂലം യുവ ഓപ്പണർ പൃഥ്വി ഷായെ രഞ്ജി ട്രോഫി ടീമിൽനിന്ന് പുറത്താക്കി മുംബൈ. ത്രിപുരയ്‌ക്കെതിരായ മത്സരത്തിൽനിന്നാണ് പൃഥ്വി ഷായെ ഒഴിവാക്കിയത്. അമിതവണ്ണം ഉൾപ്പെടെയുള്ള ഫിറ്റ്നസ് പ്രശ്നങ്ങളും, നെറ്റ്സിൽ തുടർച്ചയായി വൈകിയെത്തുന്നത് ഉൾപ്പെടെയുള്ള കാരണങ്ങളുമാണ് താരത്തെ തഴയാൻ കാരണമെന്നാണ് സൂചന. എന്നാല്‍ തനിക്ക് ഒരു ഇടവേള ആവശ്യമായിരുന്നു എന്ന രീതിയില്‍ പുറത്താക്കലിനു പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും പൃഥ്വി പോസ്റ്റ് ചെയ്തു.
ടീമില്‍ ശ്രദ്ധിക്കപ്പെട്ട താരം ആദ്യം മുതലേ വിവാദങ്ങള്‍ക്കൊപ്പമാണ്. അച്ചടക്കമില്ലായ്മയുടെ പേരില്‍ വിവാദങ്ങള്‍ പലത് വന്നു. അമിതവണ്ണവും ഫിറ്റ്നസ് പ്രശ്നങ്ങളും പതിവായി വാര്‍ത്താ തലക്കെട്ടുകളായി. രഞ്ജി ട്രോഫിയില്‍ ഇത്തവണ ആദ്യ രണ്ടു മത്സരങ്ങളിലും പൃഥ്വി കളിച്ചെങ്കിലും തിളങ്ങാനായില്ല. ബറോഡയ്‌ക്കെതിരായ മത്സരത്തിൽ 7, 12 എന്നിങ്ങനെയായിരുന്നു രണ്ട് ഇന്നിങ്സിലും ഷായുടെ സമ്പാദ്യം. മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ ഒരു റണ്ണെടുത്ത് പുറത്തായി. രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 39 റൺസെടുത്തു.
പരിശീലനത്തിനു വലിയ പ്രധാന്യം നല്‍കാതെ വൈകിയെത്തല്‍ പൃഥ്വി ഷായുടെ പതിവുരീതി ആയിരുന്നു. ഇതില്‍ ടീം മാനേജ്മെന്റിനും ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഉള്‍പ്പടെയുള്ളവര്‍ക്കും കടുത്ത എതിര്‍പ്പുണ്ട്. പരിശീലനത്തിനെത്താതിരുന്നാല്‍ അത് ആരെയും അറിയിക്കുക കൂടിയില്ല. ഇന്ത്യൻ ടീം താരങ്ങളായ രഹാനെ, ശ്രേയസ് അയ്യർ, ഷാർദുൽ ഠാക്കൂർ തുടങ്ങിയവർ സ്ഥിരമായി മടികൂടാതെ പരിശീലനത്തിന് എത്തുമ്പോഴാണ്, പൃഥ്വി ഷായുടെ ഉഴപ്പ്.
സച്ചിൻ തെൻഡുൽക്കറിനു ശേഷം രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലും അരങ്ങേറ്റത്തിൽ സെഞ്ചറി നേടുന്ന ഏക താരമെന്ന റെക്കോർഡുമായാണ് പൃഥ്വി ഷാ വരവറിയിച്ചതെങ്കിലും താരത്തിന്റെ കരിയർ ഗ്രാഫ് എക്കാലവും താഴോട്ടായിരുന്നു. ടെസ്റ്റിൽ സച്ചിനു ശേഷം അരങ്ങേറ്റത്തിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡുമായാണ് രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വരവ്. പിന്നീട് അടിക്കടി താഴേക്കു പതിച്ച താരം, 2018 ഒക്ടോബറിനു ശേഷം ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല.