ന്യൂസീലന്‍ഡിനെതിരായ ബംഗളൂരു ടെസ്റ്റില്‍ സര്‍ഫറാസ് ഖാന്റെ 150 റണ്‍സിന്റെ ബലത്തിലാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ സ്കോര്‍ 400 കടത്തിയത്. എന്നാല്‍ ചിന്നസ്വാമിയില്‍ സെഞ്ചറി നേടിയ സര്‍ഫറാസ് ഖാന് ന്യൂസീലന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റില്‍ ഇടമുണ്ടാവുമോ? പുനെ ടെസ്റ്റില്‍ ഗില്‍, സര്‍ഫറാസ്, കെ.എല്‍.രാഹുല്‍ എന്നീ മൂന്ന് താരങ്ങളില്‍ ആരെ ടീമില്‍ ഉള്‍പ്പെടുത്തും എന്ന തലവേദനയിലാണ് ടീം മാനേജ്മെന്റ്.
ബംഗളൂരു ടെസ്റ്റില്‍ ഗില്ലിന് ഫിറ്റ്നസ് പ്രശ്നം നേരിട്ടതോടെയാണ് സര്‍ഫറാസ് ഖാന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തിയത്. ലഭിച്ച അവസരം സര്‍ഫറാസ് ഖാന്‍ മുതലാക്കുകയും ചെയ്തു. 195 പന്തുകള്‍ നേരിട്ട് സര്‍ഫറാസ് ഖാന്‍ 18 ഫോറിന്റേയും 3 സിക്സിന്റേയും അകമ്പടിയോടെ 150 റണ്‍സ് കണ്ടെത്തുകയായിരുന്നു.
ശുഭ്മാന്‍ ഗില്‍ വീണ്ടും പരിശീലനം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഗില്‍ പ്ലേയിങ് ഇലവനിലേക്ക് മടങ്ങി വരുമ്പോള്‍ കെ.എല്‍.രാഹുല്‍, സര്‍ഫറാസ് ഖാന്‍ എന്നിവരില്‍ ആര്‍ക്ക് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടമാവും എന്നതാണ് ചോദ്യം. ഈ ചോദ്യം ഉയരുമ്പോള്‍ ട്രിപ്പിള്‍ സെഞ്ചറി നേടിയതിന് ശേഷം പിന്നെ ഇന്ത്യക്കായി കളിക്കാന്‍ കഴിയാതെ പോയ കരുണ്‍ നായരിലേക്ക് വിരല്‍ ചൂണ്ടുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ ആകാശ് ചോപ്ര.
2016ല്‍ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റിലാണ് കരുണ്‍ നായര്‍ ട്രിപ്പിള്‍ സെഞ്ചറിയടിച്ചത്. 'കരുണ്‍ നായര്‍ 300 റണ്‍സ് എടുത്തു. എന്നാല്‍ അടുത്ത മത്സരത്തില്‍ ടീമില്‍ നിന്ന് ഒഴിവാക്കി. എന്തുകൊണ്ട്? കാരണം ആ മത്സരത്തില്‍ രഹാനെയ്ക്ക് പകരമാണ് കരുണ്‍ കളിച്ചത്. രഹാനെ തിരിച്ചെത്തിയതോടെ കരുണിന് സ്ഥാനം നഷ്ടമായി. അതേപോലെ സര്‍ഫറാസ് ഖാന് അടുത്ത മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്നേക്കാം. അങ്ങനെ സംഭവിക്കരുത് എന്നാണ് എന്റെ ആഗ്രഹം'. ആകാശ് ചോപ്ര പറയുന്നു.