Image credit: X/BCCI

ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 156 റൺസിനാണ് ഇന്ത്യ ഒന്നാം ഇന്നിങ്സ് ഓൾഔട്ടായത്. ഇതോടെ തുടർച്ചയായ രണ്ടാം ടെസ്റ്റിലും ഇന്നിങ്സ് ലീഡ് വഴങ്ങുന്ന അവസ്ഥയിലെത്തി. 103 റൺസിന്‍റെ ലീഡാണ് പൂനെ ടെസ്റ്റിൽ ഇന്ത്യ വഴങ്ങിയത്. ഇതൊരു നാണക്കേടിന്‍റെ ചരിത്രം കൂടിയാണ്. 23 വർഷത്തിന് ശേഷമാണ് തുടർച്ചയായ രണ്ട് ഹോം ടെസ്റ്റുകളിൽ ഇന്ത്യ 100 റൺസിന് മുകളിൽ ലീഡ് വഴങ്ങുന്നത്. 

ബംഗളൂരുവിൽ നടന്ന ആദ്യ ടെസ്റ്റിൽ 46 റൺസിനാണ് ഇന്ത്യ ആദ്യ ഇന്നിങ്സ് ഓൾഔട്ടായത്. ഏറ്റവും കുറഞ്ഞ ഹോം ടോട്ടൽ കുറിച്ച മത്സരത്തിൽ 356 റൺസിന്‍റെ ലീഡ് വഴങ്ങി. ഈ മത്സരത്തിൽ 8 വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. 

2001 ൽ ‍ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലാണ് ഇന്ത്യ ഇതിന് മുൻപ് 100 റൺസിലധികം തുടർച്ചയായ ലീഡ് വഴങ്ങിയത്. വാംഖഡെയിൽ 173 റൺസും ഈഡൻ ​ഗാർഡൻസിൽ 274 റൺസിന്‍റെയും ലീഡ് ഇന്ത്യ വഴങ്ങി. പക്ഷേ  ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ പരമ്പര വിജയം നേടിയിരുന്നു. അത്തരമൊരു തിരിച്ചുവരവാണ് ഇന്ത്യ ന്യൂസിലാൻഡിനെതിരെ പ്രതീക്ഷിക്കുന്നത്. 

രണ്ടാം ടെസ്റ്റ് ഇന്ത്യയ്ക്ക് അനുകൂലമായാണ് തുടങ്ങിയത്. വാഷിങ്ടൺ സുന്ദറിന്‍റെ 59 റൺസ് വഴങ്ങി 7 വിക്കറ്റെടുത്ത പ്രകടനം ന്യൂസിലാൻഡിനെ 259 ൽ ചുരുക്കികെട്ടിയിരുന്നു. എന്നാൽ മറുപടി ബാറ്റിങിൽ ക്യാപറ്റൻ രോഹിത് ശർമയുടെ ഡക്ക് മുതൽ ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.

ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസെടുത്ത് ആദ്യ ദിനം ബാറ്റിങ് നിർത്തിയ ഇന്ത്യ 106 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ബാക്കി ഒൻപത് വിക്കറ്റും കളഞ്ഞു. 38 റൺസെടുത്ത രവീന്ദ്ര ജഡേജ, 30 റൺസ് എടുത്ത ശുഭ്മാൻ ​ഗിൽ, യശ്വസി ജയ്സ്വൾ എന്നിവരുടെ  പ്രകടനം മാറ്റിനിർത്തിയാൽ ഇന്ത്യൻ ബാറ്റിങ് നിര പരാജയമായിരുന്നു. 

ENGLISH SUMMARY:

After 23 years, India concedes a lead of over 100 runs in two consecutive home Tests.