ഫോട്ടോ: പിടിഐ

ന്യൂസീലന്‍ഡിന് എതിരായ പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഒന്നാം ഇന്നിങ്സില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ കീവിസ് സ്പിന്നര്‍ മിച്ചല്‍ സാന്റ്നറിന് മുന്‍പില്‍ കാലിടറിയാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഡ്രസ്സിങ് റൂമിലേക്ക് തുടരെ മടങ്ങിയത്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 38 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 

രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 72 പന്തില്‍ നിന്ന് 30 റണ്‍സ് എടുത്ത് നില്‍ക്കെ  സാന്റ്നര്‍ ഗില്ലിനെ വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു. ഗില്ലിന് പിന്നാലെ വന്ന വിരാട് കോലി 9 പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമെടുത്താണ് കൂടാരം കയറിയത്. സാന്റ്നറിന്റെ പന്തില്‍ കോലി ബൗള്‍ഡ് ആവുകയായിരുന്നു. മിച്ചല്‍ സാന്റ്നറിന് പിന്നാലെ ഗ്ലെന്‍ ഫിലിപ്സും ഇന്ത്യയെ പ്രഹരിച്ചതോടെ ആതിഥേയര്‍ സമ്മര്‍ദത്തിലേക്ക് കൂപ്പുകുത്തി. 

60 പന്തില്‍ നിന്ന് 30 റണ്‍സ് എടുത്ത് നില്‍ക്കെ ഫിലിപ്സിന്‍റെ പന്തില്‍ ഫസ്റ്റ് സ്ലിപ്പില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച് നല്‍കിയാണ് യശസ്വി മടങ്ങിയത്. ഇന്ത്യന്‍ ബാറ്റേഴ്സിനെ ആരെയും കൂടുതല്‍ സമയം  ക്രീസില്‍ പി ടിച്ചു നില്‍ക്കാന്‍ അ  സാന്ത്നറും ഫിലിപ്സും  അനുവദിച്ചതേയില്ല. 19 പന്തില്‍ നിന്ന് 18 റണ്‍സ് എടുത്ത ഋഷഭ് പന്ത് ഫിലിപ്സിന്‍റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. ബംഗളൂരു ടെസ്റ്റിലെ സെഞ്ചറിക്കാരന്‍ സര്‍ഫറാസ് ഖാന്‍ 11 റണ്‍സ് മാത്രം എടുത്ത് മടങ്ങി. അശ്വിനും സാന്ത്നറിന്‍റെ പന്തുകള്‍ക്ക് മുന്‍പില്‍ പിടിച്ചു നില്‍ക്കാനായില്ല.

ENGLISH SUMMARY:

Batting collapse in the first innings in the second cricket test of the series against New Zealand. The Indian batsmen returned to the dressing room after tripping in front of Kiwis spinner Mitchell Santner on the pitch that supports the spinners