virat-new

ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 156 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ വിരാട് കോലി പുറത്തായ വിധത്തെ ചൊല്ലിയാണ്  വിമര്‍ശനങ്ങള്‍  എറെയും.  9 പന്തില്‍ നിന്ന് ഒരു റണ്‍സ് എടുത്താണ് കോലി മടങ്ങിയത്. സാന്റ്നറില്‍ നിന്ന് വന്ന ഫുള്‍ ടോസില്‍ കോലി ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു. ഇവിടെ കോലിയുടെ ഷോട്ട് സെലക്ഷനെ ചൊല്ലിയാണ് വിമര്‍ശനങ്ങളത്രയും. 

കോലിയുടെ കരിയറിലെ ഏറ്റവും മോശം ഷോട്ട് സെലക്ഷന്‍ എന്നായിരുന്നു സഞ്ജയ് മഞ്ജരേക്കറുടെ പ്രതികരണം. ഫുള്‍ ടോസില്‍ പന്ത് കോലിയുടെ സ്റ്റംപ് ഇളക്കുന്നത് കണ്ട് സ്റ്റേഡിയം ഒന്നാകെ നിശബ്ദമായി. മിഡില്‍, ലെഗ് സ്റ്റംപുകള്‍ക്കുനേരെ വന്ന ഫുള്‍ ലെങ്ത് ബോള്‍. കോലി മുന്‍കാല്‍ നീക്കി കുറുകേ സ്വീപ് ചെയ്യാന്‍ തുനിഞ്ഞു. ഉദ്ദേശിച്ച ലെങ്തിലല്ല പന്ത് വരുന്നതെന്ന് തിരിച്ചറിഞ്ഞ കോലി അവസാനനിമിഷം ഷോട്ട് അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബാറ്റ് ടര്‍ഫില്‍ തൊടുംമുന്‍പ് അതിനടിയിലൂടെ പന്ത് വിക്കറ്റിലേക്ക്. കോലിയുടെ നിലവാരത്തിലുള്ള ഒരു ബാറ്ററില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയാത്ത അനാവശ്യഷോട്ടും അനാവശ്യ വിക്കറ്റും.

ഇന്ത്യന്‍ ഇന്നിങ്സിന്റെ 24ാം ഓവറിലാണ് മിഡ് വിക്കറ്റിലേക്ക് കളിക്കാന്‍ ശ്രമിച്ച് കോലി വിക്കറ്റ് വലിച്ചെറിഞ്ഞത്. അതോടെ ഇന്ത്യ 56-3ലേക്ക് വീണിരുന്നു. കോലിയില്‍ നിന്നും വിരളമായി മാത്രം സംഭവിക്കുന്ന പിഴവിന്റെ ഞെട്ടലിലാണ് ആരാധകരും.

ENGLISH SUMMARY:

In the second Test of the series against New Zealand, when India were bowled out for 156 runs, the way Virat Kohli was dismissed is gathering criticism. Kohli returned with one run from 9 balls.