കുല്‍ദീപ് യാദവിന് പകരം വാഷിങ്ടണ്‍ സുന്ദറിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ചായിരുന്നു ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്കര്‍ കഴിഞ്ഞ ദിവസം എത്തിയത്. എന്നാല്‍ ഏഴ് വിക്കറ്റ് പിഴുത് വാഷിങ്ടണ്‍ സുന്ദര്‍ ന്യൂസിലന്‍ഡിനെ കറക്കി വീഴ്ത്തിയതോടെ യൂടേണ്‍ അടിച്ച് ഗാവസ്കര്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് 259 റണ്‍സിനാണ് ഓള്‍ഔട്ടായത്.
രണ്ടാം ടെസ്റ്റില്‍ വാഷിങ്ടണ്‍ സുന്ദറിനെ ഉള്‍പ്പെടുത്തിയതിനെ ചൂണ്ടി ഭയപ്പെടുത്തുന്ന തീരുമാനം എന്നാണ് ഗാവസ്കര്‍ പ്രതികരിച്ചത്. എന്നാല്‍ പുണെ ടെസ്റ്റില്‍ വാഷിങ്ടണ്‍ സുന്ദറില്‍ നിന്ന് മികച്ച സ്പെല്‍ വന്നതോടെ മികച്ച സെലക്ഷന്‍ എന്നായിരുന്നു ഗാവസ്കറിന്റെ കമന്‍ററി ബോക്സില്‍ നിന്നുള്ള വാക്കുകള്‍.
ബംഗളൂരു ടെസ്റ്റിലെ പ്ലേയിങ് ഇലവനില്‍ നിന്ന് മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ പുണെയില്‍ കളിക്കാനിറങ്ങിയത്. കെ.എല്‍.രാഹുല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരെ ഇന്ത്യ ബെഞ്ചിലിരുത്തി. പകരം ശുഭ്മാന്‍ ഗില്ലും വാഷിങ്ടണ്‍ സുന്ദറും ആകാശ് ദീപും പ്ലേയിങ് ഇലവനില്‍ ഇടം നേടി.
ടീം ഇന്ത്യയുടെ ചെറുതായി ഭയപ്പെടുത്തുന്ന തീരുമാനം. സ്ക്വാഡില്‍ മൂന്ന് മാറ്റങ്ങള്‍ എപ്പോഴും വരുത്താറില്ല. വ്യാഴാഴ്ച ടോസ് ഇട്ടതിന് പിന്നാലെ ഇങ്ങനെയായിരുന്നു ഗാവസ്കറിന്റെ വാക്കുകള്‍. 'പരുക്കിന്‍റെ പ്രശ്നം ഇല്ലെങ്കില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തുന്ന ടീമിനെ ഞാന്‍ അധികം കണ്ടിട്ടില്ല. വാഷിങ്ടണ്‍ സുന്ദറിനെ കൂടി ഉള്‍പ്പെടുത്തിയതിലൂടെ അവര്‍ക്ക് ബാറ്റിങ്ങില്‍ കുറച്ച് ആശങ്കയുണ്ടെന്നാണ് വ്യക്തമാകുന്നത്. ബോളിങ്ങിനേക്കാള്‍ കൂടുതല്‍ അവര്‍ക്ക് ബാറ്റിങ് ഓര്‍ഡറില്‍ താഴെ ആത്മവിശ്വാസം വരുന്നതിനാണ് വാഷിങ്ടണ്‍ സുന്ദറിനെ ഉള്‍പ്പെടുത്തിയത്', ഗാവസ്കര്‍ പറഞ്ഞു.
ന്യൂസിലന്‍ഡ് ബാറ്റിങ് നിരയില്‍ ഇടംകയ്യന്മാരുണ്ട്. എന്നാല്‍ ഞാന്‍ കുല്‍ദീപ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തുമായിരുന്നു. ഇടംകയ്യന്‍ ബാറ്റേഴ്സിനെ കുഴപ്പിക്കാന്‍ കുല്‍ദീപിനും കഴിയും, ഗാവസ്കറിന്‍റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. പുണെ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന്റെ 10 വിക്കറ്റും വീഴ്ത്തിയത് സ്പിന്നര്‍മാരാണ്. വാഷിങ്ടണ്‍ സുന്ദര്‍ ഏഴ് വിക്കറ്റ് പിഴുതപ്പോള്‍ ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.