കളിക്കളത്തില്‍ എന്നും എല്ലായ്പ്പോഴും പോരാട്ടവീര്യം നിറഞ്ഞു നില്‍ക്കുന്ന വിരാട് കോലിയെയാണ് നമുക്ക് കാണാനാവുക. എതിനിര താരങ്ങളെ സ്ലെഡ്ജിങ്ങിലൂടെ പ്രകോപിപ്പിക്കാന്‍ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ മടിക്കാറില്ല. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് ബാറ്റേഴ്സിന് നേര്‍ക്ക് ക്ഷുഭിതനായ കോലിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

ന്യൂസീലന്‍ഡ് ഇന്നിങ്സിന്‍റെ 37ാം ഓവറിലാണ് സംഭവം. രവീന്ദ്ര ജഡേജ ഇവിടെ ഒരു അവസരം സൃഷ്ടിച്ചെടുത്തു. ഓഫ് സ്റ്റംപിന് പുറത്തെത്തിയ ഗുഡ് ലെങ്ത് ഡെലിവറിയില്‍ ടോം ലാതമിന്‍റെ ബാറ്റില്‍ എഡ്ജ് ചെയ്ത് പന്ത് സ്ലിപ്പില്‍ രോഹിത് ശര്‍മയ്ക്കരികിലേക്ക് വന്നെങ്കിലും ക്യാച്ചെടുക്കാനായില്ല. പന്ത് ബൗണ്ടറി ലൈന്‍ കടക്കുകയും ചെയ്തു. ഇത് ഇന്ത്യന്‍ താരങ്ങളുടെ അസ്വസ്ഥത കൂടുതല്‍ കൂട്ടി. 

ഇതിന് പിന്നാലെയാണ് വിരാട് കോലി ക്രീസിലുണ്ടായിരുന്ന ന്യൂസിലന്‍ഡ് ബാറ്റേഴ്സിന് നേരെ തിരിഞ്ഞത്. പിച്ചിന് നടുവിലൂടെ റണ്ണിനായി കീവിസ് ബാറ്റേഴ്സ് ഓടുന്നതിനെയാണ് കോലി ചോദ്യം ചെയ്തത്. ഓണ്‍ ഫീല്‍ഡ് അംപയര്‍മാരുമായും കോലി ഇതിനെ കുറിച്ച് സംസാരിച്ചു. 

പുണെ ടെസ്റ്റിന്‍റെ മൂന്നാം ദിനം 255 റണ്‍സിനാണ് ന്യൂസീലന്‍ഡ് ഓള്‍ഔട്ടായത്. ഇതോടെ രണ്ടാം ടെസ്റ്റില്‍ ജയിക്കാന്‍ ഇന്ത്യക്ക് മുന്‍പിലുള്ള വിജയ ലക്ഷ്യം 359. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. യശസ്വി ജയ്സ്വാളും ഗില്ലുമാണ് ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ എട്ട് റണ്‍സ് മാത്രമെടുത്ത് മടങ്ങി.

ENGLISH SUMMARY: