virat-kohli-rohit

ഫോട്ടോ: എഎഫ്പി

ന്യൂസീലന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പര നഷ്ടമായതില്‍ അമിത പ്രതികരണം തന്നില്‍ നിന്ന് ഉണ്ടാകില്ലെങ്കിലും ഏതാനും ചില കളിക്കാരുമായി സംസാരിക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടീം എന്താണ് അവരില്‍ നിന്ന് ആവശ്യപ്പെടുന്നത്, അവരുടെ പ്രകടനം എങ്ങനെയായിരുന്നു എന്നെല്ലാം ചില കളിക്കാരുമായി സംസാരിക്കേണ്ടതുണ്ട് എന്നാണ് രോഹിത് ശര്‍മ വ്യക്തമാക്കുന്നത്. 

rohit-new

ഫോട്ടോ: എഎഫ്പി

ടീം റൂമില്‍ ഇരുന്ന് ഓരോ താരങ്ങളേയും വിളിച്ച് അവരുടെ ഇന്നിങ്സ് പരിശോധിച്ച് ഇങ്ങനെയായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്ന് പറയുക എന്നതല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. അങ്ങനെയൊരു രീതിയല്ല പിന്തുടരേണ്ടത്. ഒരു പരമ്പര നഷ്ടപ്പെട്ടു എന്നതിനാല്‍ എന്തെങ്കിലും വ്യത്യസ്തമായി സംസാരിക്കേണ്ടതുണ്ടെന്നോ, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നോ എനിക്ക് തോന്നുന്നില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുന്നതിനുള്ള വഴികള്‍ നമുക്ക് കണ്ടെത്തേണ്ടതുണ്ട്, രോഹിത് പറയുന്നു.

ആരുടേയും പ്രാപ്തിയില്‍ എനിക്ക് സംശയമില്ല. ഈ തോല്‍വിയില്‍ ഞാന്‍ കൂടുതല്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നമ്മുടെ ബാറ്റേഴ്സിന് ന്യൂസീലന്‍ഡ് ബാറ്റേഴ്സിന്റേത് പോലെ ഒരു പ്ലാന്‍ ഉണ്ടാകണമായിരുന്നു. എന്നാല്‍ കളിക്കാര്‍ സ്വന്തം കഴിവില്‍ സംശയിക്കുന്ന നിലയില്‍ ഒരു ഡ്രസിങ് റൂം അന്തരീക്ഷം സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവരെ ശാന്തരാക്കി, ഇവിടെ തുടരാന്‍ നിങ്ങള്‍ അര്‍ഹരാണ് എന്ന നിലയില്‍ നിര്‍ത്താനാണ് ശ്രമിക്കുന്നത്. അതാണ് ഞങ്ങളുടെ ഉത്തരവാദിത്വം, രോഹിത് ശര്‍മ പറയുന്നു. 

rohit-kohli-pant

ഫോട്ടോ: പിടിഐ

ഇങ്ങനെ ക്രിക്കറ്റ് കളിക്കാനല്ല ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഈ പരമ്പര നഷ്ടമായത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍, വ്യത്യസ്തമായത് എന്തോ സംഭവിക്കുന്നു എന്ന തോന്നല്‍ ടീമിനുള്ളില്‍ വരാന്‍ ആഗ്രഹിക്കുന്നില്ല. അനാവശ്യ സമ്മര്‍ദം ആവശ്യമില്ല എന്നും രോഹിത് ശര്‍മ ചൂണ്ടിക്കാണിക്കുന്നു. 

113 റണ്‍സിനാണ് ഇന്ത്യ പുണെ ടെസ്റ്റില്‍ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ടത്. രണ്ടാം ഇന്നിങ്സില്‍ 359 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 245 റണ്‍സിന് ഓള്‍ഔട്ടായി. 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്. ന്യൂസീലന്‍ഡിന്റെ ഇന്ത്യയിലെ ആദ്യ ടെസ്റ്റ് പരമ്പര ജയവുമാണ് ഇത്. 

ENGLISH SUMMARY:

Indian captain Rohit Sharma said he will not overreact to the loss of the Test series against New Zealand, but he needs to talk to a few players.