ന്യൂസീലന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പര 3-0ന് നഷ്ടമായതോടെ കോലി, രോഹിത്, അശ്വിന്‍, രവീന്ദ്ര ജഡേജ എന്നീ മുതിര്‍ന്ന താരങ്ങളുടെ റെഡ് ബോള്‍ ക്രിക്കറ്റിലെ നാളുകള്‍ അവസാനിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. ഓസ്ട്രേലിയ വേദിയാവുന്ന ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയിലെ പ്രകടനവും മോശമായാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കുള്‍പ്പെടെ ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്തുക പ്രയാസമാവും. രോഹിത്തിനോടും കോലിയോടും ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കാന്‍ ബിസിസിഐ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.  

നിരാശപ്പെടുത്തുന്ന കണക്കുകളാണ് കഴിഞ്ഞ 10 ഇന്നിങ്സില്‍ ഈ താരങ്ങളില്‍ നിന്ന് വരുന്നത്. കഴിഞ്ഞ 10 ഇന്നിങ്സില്‍ നിന്ന് 133 റണ്‍സ് ആണ് രോഹിത് ശര്‍മ സ്കോര്‍ ചെയ്തത്. 10 ഇന്നിങ്സില്‍ നിന്ന് കോലി കണ്ടെത്തിയത് 192 റണ്‍സും. 2024ല്‍ ആറ് ടെസ്റ്റുകളില്‍ നിന്ന് 250 റണ്‍സ് ആണ് കോലി സ്കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 22.73. ഈ വര്‍ഷത്തെ കോലിയുടെ ഉയര്‍ന്ന സ്കോര്‍ 70 റണ്‍സ് ആണ്. ഒരു അര്‍ധ ശതകം ഈ സീസണില്‍ കോലി കണ്ടെത്തി. 

2024ല്‍ 11 ടെസ്റ്റില്‍ നിന്ന് 588 റണ്‍സ് ആണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് സ്കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 29.40. രണ്ട് സെഞ്ചറിയും രണ്ട് അര്‍ധ ശതകവും ഈ വര്‍ഷം രോഹിത് കണ്ടെത്തി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ എത്താന്‍ ഇന്ത്യക്ക് സാധിച്ചില്ലെങ്കില്‍ പിന്നെ വരുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഈ നാല് സീനിയര്‍ താരങ്ങള്‍ ഇടംപിടിച്ചേക്കില്ല എന്നാണ് സൂചനകള്‍. 

കോലി, രോഹിത്, അശ്വിന്‍, ബുമ്ര എന്നീ താരങ്ങള്‍ ബംഗ്ലാദേശിനും ന്യൂസീലന്‍ഡിനും എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ദുലീപ് ട്രോഫി കളിക്കാം എന്ന് സെലക്ടര്‍മാരോട് സമ്മതിച്ചിരുന്നതായും ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍ പിന്നീട് ഇവര്‍ അതില്‍ നിന്ന് പിന്മാറി. ന്യൂസീലന്‍ഡിനെതിരായ പരമ്പര നഷ്ടമാവാന്‍ പ്രധാന കാരണം വേണ്ട മാച്ച് പ്രാക്ടീസ് ഇല്ലാത്തതാണെന്ന വിമര്‍ശനം പല കോണില്‍ നിന്നും ഉയരുന്നുണ്ട്. 

ENGLISH SUMMARY:

With the loss of the Test series against New Zealand by 3-0, it is considered that the days of senior players like Kohli, Rohit, Ashwin and Ravindra Jadeja in red ball cricket are coming to an end.