വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹ. നിലവിലെ രഞ്ജി ട്രോഫി സീസണ്‍ അവസാനിക്കുന്നതോടെ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും താന്‍ വിരമിക്കും എന്നാണ് സാഹ അറിയിച്ചിരിക്കുന്നത്. അടുത്ത ഐപിഎല്‍ സീസണിലും സാഹ ഉണ്ടാവില്ല.
ഇതെന്‍റെ അവസാന സീസണായിരിക്കും. ബംഗാളിനായി അവസാനമായി ഒരിക്കല്‍ കൂടി ഇറങ്ങാനായതില്‍ അഭിമാനിക്കുന്നു. ഈ സീസണ്‍ ഓര്‍മയില്‍ സൂക്ഷിക്കാന്‍ പാകത്തിലുള്ളതൊന്നാക്കാം, സാഹ ട്വിറ്ററില്‍ കുറിച്ചു. ബാറ്റിങ്ങിനേക്കാള്‍ ഉപരി വിക്കറ്റ് കീപ്പിങ്ങിലെ മികവിലൂടെയാണ് സാഹ ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചിരുന്നത്.
2023ല്‍ വാര്‍ഷിക കരാറില്‍ നിന്ന് ബിസിസിഐ സാഹയുടെ പേര് വെട്ടിയിരുന്നു. അതിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങി എത്താന്‍ സാഹയ്ക്ക് സാധിച്ചിട്ടില്ല. അടുത്ത ഐപിഎല്‍ താര ലേലത്തിനായി സാഹ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതോടെ സാഹയുടെ ഐപിഎല്‍ കരിയറും അവസാനിക്കുന്നു.
ഐപിഎല്ലില്‍ അഞ്ച് ഫ്രാഞ്ചൈസിക്ക് വേണ്ടിയാണ് സാഹ കളിച്ചിട്ടുള്ളത്. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, പഞ്ചാബ് കിങ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകളിലാണ് സാഹ കളിച്ചത്. ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചറി നേടിയ വിക്കറ്റ് കീപ്പര്‍മാരില്‍ രണ്ടാമനാണ് സാഹ. .ടെസ്റ്റില്‍ ഇതുവരെ 1353 റണ്‍സാണ് സാഹയുടെ സമ്പാദ്യം. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടുന്നു.
മൂന്ന് വര്‍ഷം മുന്‍പ് 2021ലാണ് സാഹ അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്. ന്യൂസീലന്‍ഡിനെതിരെ ആയിരുന്നു ഇത്. നിര്‍ണായകമായ ഇന്നിങ്സുകള്‍ സാഹയില്‍ നിന്ന് വന്നെങ്കിലും കെഎസ് ഭരതില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ ടീം മാനേജ്മെന്‍റ് തീരുമാനിച്ചതോടെ സാഹയ്ക്ക് മുന്‍പിലെ വാതിലുകള്‍ അടയുകയായിരുന്നു.