ന്യൂസീലന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പര 3-0ന് നഷ്ടമായതിന് പിന്നാലെ ഇന്ത്യന്‍ ടീമിന്‍റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും ടീം അംഗങ്ങളും രണ്ടു തട്ടിലോ എന്ന ചോദ്യം ഉയരുന്നു. കീവിസിനോടേറ്റ പരമ്പര തോല്‍വിക്ക് പിന്നാലെ ബിസിസിഐ ഗംഭീറിനേയും രോഹിത് ശര്‍മയേയും സെലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കറിനേയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തി. വെള്ളിയാഴ്ച നടന്ന ഈ ചര്‍ച്ചയില്‍ ക്യാപ്റ്റനും കോച്ചും ടീമിനെ സംബന്ധിച്ച പല കാര്യങ്ങളില്‍ രണ്ട് തട്ടിലാണെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
ഗംഭീറിന്‍റെ പരിശീലന ശൈലി ചോദ്യം ചെയ്യുന്നു എന്ന നിലയില്‍ അല്ല കാര്യങ്ങള്‍. പക്ഷെ ഇന്ത്യന്‍ ടീമിലെ ചിലര്‍ക്ക് കോച്ചുമായി അഭിപ്രായ വ്യത്യാസമുണ്ട്. ട്വന്റി20 സ്പെഷ്യലിസ്റ്റായ ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡി, പേസര്‍ ഹര്‍ഷിത് റാണ എന്നിവരുടെ ടീം സെലക്ഷനില്‍ രണ്ടഭിപ്രായം ഉയര്‍ന്നതായാണ് സൂചന. ഐപിഎല്‍ 2024 സീസണില്‍ നിതീഷ് റെഡ്ഡിയും ഹര്‍ഷിത് റാണയും മികവ് കാണിച്ചിരുന്നു. എന്നാല്‍ ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയിലേക്ക് ഇവരെ ഉള്‍പ്പെടുത്തിയതിലാണ് ടീമിനുള്ളില്‍ അഭിപ്രായ വ്യത്യാസം ഉയര്‍ന്നത്.
ആറ് മണിക്കൂറാണ് ചര്‍ച്ച നീണ്ടത്. ജയ് ഷാ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ ന്യൂസീലന്‍ഡിന് എതിരായ പരമ്പരയില്‍ ടീം എടുത്ത പല തീരുമാനങ്ങളും ചര്‍ച്ചയ്ക്കെത്തി. മൂന്നാം ടെസ്റ്റില്‍ ബുമ്രയ്ക്ക് വിശ്രമം നല്‍കിയത്, ഇന്ത്യന്‍ ബാറ്റേഴ്സിന് സ്പിന്നിനെതിരെ മികവ് കാണിക്കാന്‍ സാധിക്കാതെ നില്‍ക്കുന്ന സമയം സ്പിന്നിനെ അനുകൂലിക്കുന്ന പിച്ച് സെലക്ട് ചെയ്തത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയ്ക്കെത്തി.
രാഹുല്‍ ദ്രാവിഡിന്‍റേതില്‍ നിന്ന് വ്യത്യസ്തമായ കോച്ചിങ് ശൈലിയാണ് ഗംഭീറിന്റേത്. ഇതിനോട് ടീം ഇണങ്ങി വരികയാണ്. ഗംഭീറിന്‍റെ ശൈലി പൂര്‍ണമായും ചോദ്യം ചെയ്യപ്പെടുന്നില്ലെങ്കിലും ഏതാനും തീരുമാനങ്ങളില്‍ അഭിപ്രായ ഭിന്നത ഉണ്ടെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.