മെല്‍ബണ്‍ ടെസ്റ്റിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയെന്ന് സൂചന. പരിശീലനത്തിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഇടത്തേ കാല്‍മുട്ടില്‍ പരുക്കേറ്റുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കടുത്ത വേദനയ്ക്കിടയിലും താരം പ്രാക്ടീസ് തുടരാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നും തുടര്‍ന്ന് വൈദ്യസഹായം തേടിയെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ടീമംഗങ്ങള്‍ പരിശീലനം തുടരവേ രോഹിത് ഇടത്തേ കാല്‍മുട്ടില്‍ കെട്ടുമായി കസേരയില്‍ ഇരിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ഒറ്റനോട്ടത്തില്‍ സാരമായ പരുക്കല്ലെന്നാണ് വിലയിരുത്തലെങ്കിലും ടീം ഡോക്ടര്‍മാര്‍ താരത്തെ നിരീക്ഷിച്ചുവരികയാണ്. രോഹിതിന് കാല്‍മുട്ട് മടക്കാന്‍ സാധിക്കുന്നുണ്ടെന്നും കാര്യമായ കുഴപ്പമില്ലെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
പരമ്പരയില്‍ ഇതേവരെ ഫോമിലേക്കുയരാന്‍ കഴിയാത്തതിന്‍റെ സമ്മര്‍ദവും രോഹിതിന് മേലുണ്ട്. മെല്‍ബണിലും സിഡ്നിയിലും തിളങ്ങാനായില്ലെങ്കില്‍ രോഹിത് ക്യാപ്റ്റന്‍സി ഒഴിയുമെന്നും വിരമിച്ചേക്കുമെന്നും അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ മുതിര്‍ന്ന താരങ്ങളടക്കം രോഹിതിന് ഉറച്ച പിന്തുണയാണ് നല്‍കുന്നത്. ഒന്നോ രണ്ടോ ടെസ്റ്റ് മല്‍സരങ്ങള്‍ കൊണ്ട് വിലയിരുത്തപ്പെടേണ്ട ആളല്ല രോഹിത്തെന്നും അസാമാന്യ പ്രതിഭയാണെന്നും മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍കും പിന്തുണച്ചു.
അതേസമയം, ജസ്പ്രീത് ബുംറയും സിറാജും ആകാശ് ദീപും ഉള്‍പ്പടെയുള്ളവരുടെ നെറ്റ്സ് പ്രാക്ടീസില്‍ എല്ലാവരും തൃപ്തരാണെന്നും മെല്‍ബണില്‍ ജയവും പരമ്പരയും തിരികെപ്പിടിക്കാമെന്നുമാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. കോലിയും രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും പ്രതീക്ഷയ്ക്കൊത്ത് ഉയരുമെന്നും ടീം കരുതുന്നു. ഇന്ന് പരിശീലനമില്ല. 26നാണ് മെല്‍ബണില്‍ ടെസ്റ്റ്. അഞ്ച് മല്‍സരങ്ങളുടെ പരമ്പരയില്‍ ഓരോ ജയവുമായി ഇരുടീമും ഒപ്പത്തിനൊപ്പമാണ്. ബ്രിസ്ബെയ്നില്‍ വാലറ്റത്തിന്‍റെ കരുത്തില്‍ ഫോളോഓണ്‍ ഒഴിവാക്കിയ ഇന്ത്യ സമനില പിടിച്ചിരുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കടക്കണമെങ്കില്‍ മെല്‍ബണിലെ ജയവും പരമ്പരയും ഇന്ത്യയ്ക്ക് ആവശ്യമാണ്. അതുകൊണ്ട് തന്നെ ജയിക്കുകയെന്നതില്‍ കുറഞ്ഞതൊന്നും മനസിലില്ലെന്ന് താരങ്ങളും പറയുന്നു.