ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ ട്വന്‍റി20യില്‍ 61 റണ്‍സിന്‍റെ വിജയം എറിഞ്ഞെടുത്ത് ടീം ഇന്ത്യ. സഞ്ജു സാംസണിന്‍റെ റെക്കോര്‍ഡ് സെഞ്ചുറിയും ഇന്ത്യന്‍ ബോളിങ് സംഘത്തിന്‍റെ മികച്ച പ്രകടനവുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സിന്‍റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് അത്ര എളുപ്പമായില്ല കാര്യങ്ങള്‍. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് കണ്ടെത്താന്‍ ഇന്ത്യന്‍ ബോളിങ് നിരയ്ക്ക് സാധിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 17–ാം ഓവറില്‍ 141 റണ്‍സ് എടുത്ത് അവസാനിച്ചു. വരുണ്‍ ചക്രവര്‍ത്തിയും ബിഷ്ണോയും മൂന്ന് വിക്കറ്റ് വീതം നേടി.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ആദ്യ വിക്കറ്റ് മൂന്നാം ഓവറില്‍ തെറിച്ചു. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ വിക്കറ്റ് നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചെങ്കിലും ഒരറ്റത്ത് സഞ്ജു ഉറച്ച് നിന്നു. 47 പന്തില്‍ സഞ്ചുറി നേടിയ സഞ്ജു സാംസണ്‍, ട്വന്‍റി20 മല്‍സരങ്ങളില്‍ തുടര്‍ച്ചയായ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കി. പ്ലേയര്‍ ഓഫ് ദ മാച്ചും സഞ്ജു സ്വന്തമാക്കി.
ആദ്യ മല്‍സരം ജയിച്ചെങ്കിലും ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രകടനം ആശങ്ക നല്‍കുന്നതാണ്. സഞ്ജുവിനൊപ്പം ചേര്‍ന്ന് തിലക് വര്‍മ അടിച്ചുകൂട്ടിയ 33 റണ്‍സ് ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും ബാറ്റുകൊണ്ട് തിളങ്ങാനായില്ല. നാളെയാണ് പരമ്പരയിലെ രണ്ടാം മല്‍സരം.