ഇന്ത്യന്‍ ടീമിലെ തന്‍റെ റോളിനെ കുറിച്ച് സൂര്യകുമാര്‍ യാദവ് വ്യക്തത നല്‍കിയത് വെളിപ്പെടുത്തി സഞ്ജു സാംസണ്‍. ദുലീപ് ട്രോഫി കളിക്കുന്ന സമയമാണ് ഓപ്പണറായി ഇന്ത്യന്‍ ടീമില്‍  കളിപ്പിക്കും എന്ന് സഞ്ജുവിനെ സൂര്യ അറിയിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെഞ്ചറിക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു സഞ്ജു.

ഞാന്‍ ദുലീപ് ട്രോഫി കളിക്കുമ്പോള്‍, രണ്ടാമത്തെ മത്സരത്തില്‍, സൂര്യ എന്റെ എതിര്‍ ടീമില്‍ കളിക്കുകയാണ്. ആ മത്സരത്തില്‍ വെച്ച് സൂര്യ എന്നോട് പറഞ്ഞു, ചേട്ടാ.. നീ അടുത്ത ഏഴ് മത്സരങ്ങള്‍ കളിക്കും. അടുത്ത ഏഴ് മത്സരങ്ങളില്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. എന്തൊക്കെ സംഭവിച്ചാലും ഞാന്‍ നിന്നെ പൂര്‍ണമായും പിന്തുണയ്ക്കും, സൂര്യയുടെ വാക്കുകള്‍ വെളിപ്പെടുത്തി സഞ്ജു പറഞ്ഞു. 

സൂര്യയുടെ  ആ വാക്കുകള്‍ക്ക് ശേഷം എനിക്ക് ക്ലാരിറ്റി ലഭിച്ചു. കരിയറില്‍ ആദ്യമായാണ് എനിക്ക് അതുപോലൊരു വ്യക്തത ലഭിക്കുന്നത്. ഏഴ് മത്സരങ്ങള്‍ എനിക്ക് മുന്‍പിലുണ്ടെന്ന് ഉറപ്പായി. അതോടെ നിശ്ചയദാര്‍ഡ്യത്തോടെയാണ് ഞാന്‍ പരിശീലനം നടത്തിയത്. എനിക്ക് വ്യത്യസ്തമായി ചിലത് ചെയ്യേണ്ടിയിരുന്നു. ക്യാപ്റ്റനില്‍ നിന്ന് അത്രയും വ്യക്തതയും പിന്തുണയും ലഭിക്കുമ്പോള്‍ അതിന്‍റെ ഫലം ഗ്രൗണ്ടിലും പ്രകടമാവും, സഞ്ജു പറയുന്നു. 

Image Credit; BCCI

ഏഴ് മത്സരങ്ങളില്‍ ഞാന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും എന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കി. ഞാന്‍ അധികം ചിന്തിക്കുന്നില്ല. ടീമിന് വേണ്ടത് സംഭാവന ചെയ്യുക എന്നതാണ് ലക്ഷ്യം. രാജ്യത്തിനായി സെഞ്ചറി നേടുക എന്നത് പ്രത്യേക അനുഭവമാണ് നല്‍കുന്നത്. എക്സ്ട്രാ ബൗണ്‍സ് ലഭിക്കുന്ന വിക്കറ്റായിരുന്നു ഡര്‍ബനിലേത്. ഇവിടെ കഴിഞ്ഞ മൂന്ന് നാല് ദിവസമായി മഴയുണ്ടായിരുന്നു. അതുകൊണ്ട് പ്രയാസകരമായിരിക്കും എന്ന് എനിക്കറിയാമായിരുന്നു, സഞ്ജു പറയുന്നു. 

ഡര്‍ബനിലെ പിച്ചും കാലാവസ്ഥയുമെല്ലാം പരിഗണിച്ചാണ് ടീം ആദ്യ മത്സരത്തിന് തയ്യാറെടുത്തത്. ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ചിരുന്നു എങ്കിലും ടീം പരിശീലനം മുടക്കിയിരുന്നില്ല. രണ്ട് മൂന്ന് മണിക്കൂര്‍ ബാറ്റ് ചെയ്തു, അത് ഇവിടെ ഗുണം ചെയ്തെന്നും സഞ്ജു വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ 20 ഓവറില്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് എടുത്തപ്പോള്‍ 10 സിക്സും ഏഴ് ഫോറുമാണ് സഞ്ജുവിന്‍റെ ബാറ്റില്‍ നിന്ന് വന്നത്.

ENGLISH SUMMARY:

Sanju Samson revealed that Suryakumar Yadav clarified about his role in the Indian team. Surya informed Sanju that he will be played as the opener.