ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര 3-0ന് നഷ്ടമായതോടെ ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയുടെ ഫലം എന്താകും എന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. കോലിയുടേയും രോഹിത്തിന്റേയും മോശം ഫോം ഇന്ത്യക്ക് ആശങ്കയാണ്. ഇപ്പോള്‍ ഇത് കോലിയുടെ അവസാനത്തെ ബോര്‍ഡര്‍–ഗാവസ്കര്‍ ട്രോഫി ടൂര്‍ണമെന്റാവും എന്ന വിലയിരുത്തലുമായെത്തുകയാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍. വിരാട് കോലി വിരമിച്ചുകഴിഞ്ഞാല്‍ ആരാവും പകരക്കാരന്‍ എന്നും ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ പ്രവചിക്കുന്നു.
യശസ്വി ജയ്സ്വാളിനെയാണ് കോലിയുടെ പകരക്കാരനായി ഓസ്ട്രേലിയന്‍ ദിനപത്രമായ ദ് ഹെറാള്‍ഡ് സണ്‍ ഉള്‍പ്പെടെ പ്രവചിക്കുന്നത്. 2024ല്‍ 25 ഇന്നിങ്സുകളാണ് കോലിയില്‍ നിന്ന് വന്നത്. ഇതില്‍ നിന്ന് 488 റണ്‍സ് മാത്രമാണ് കോലിക്ക് സ്കോര്‍ ചെയ്യാനായത്. ബാറ്റിങ് ശരാശരി 20.33. രണ്ട് അര്‍ധ ശതകം മാത്രമാണ് ഈ കലണ്ടര്‍ വര്‍ഷം കോലിയില്‍ നിന്ന് വന്നത്.
ഇന്ത്യന്‍ മണ്ണിലെ കഴിഞ്ഞ 10 ടെസ്റ്റ് ഇന്നിങ്സില്‍ നിന്ന് കോലിക്ക് സ്കോര്‍ ചെയ്യാനായത് 192 റണ്‍സും. ഈ സാഹചര്യത്തില്‍ കോലി പുതുതലമുറയ്ക്കായി മാറിക്കൊടുക്കും എന്ന വിലയിരുത്തലുകളാണ് ശക്തം. ഈ വരുന്ന ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയില്‍ ശ്രദ്ധ വയ്ക്കേണ്ട താരം യശസ്വി ജയ്സ്വാള്‍ ആണെന്നാണ് ജ ഹെറാള്‍ഡ് സണ്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി യശസ്വി മാറുമെന്നും ഹെറാള്‍ഡ് സണ്ണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.