ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെ ഇനി വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് അയക്കരുത് എന്ന് ബിസിസിഐയോട് ആവശ്യപ്പെട്ട് സഞ്ജയ് മഞ്ജരേക്കര്‍. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ സംസാരിക്കുമ്പോള്‍ വേണ്ട ശരിയായ പെരുമാറ്റ രീതിയും വാക്കുകളും അല്ല ഗംഭീറിന് ഉള്ളത് എന്നാണ് സഞ്ജയ് മഞ്ജരേക്കറുടെ വാക്കുകള്‍.
ഗംഭീറന്റെ പ്രസ് കോണ്‍ഫറന്‍സ് കണ്ടു. ഇത്തരം ജോലികളില്‍ നിന്ന് ഗംഭീറിനെ ബിസിസിഐ മാറ്റി നിര്‍ത്തുന്നതാവും ഉചിതം. തിരശീലയ്ക്ക് പിന്നില്‍ നിന്ന് ഗംഭീര്‍ ജോലി ചെയ്യട്ടെ. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ വേണ്ട പെരുമാറ്റ രീതിയും വാക്കുകളും അല്ല ഗംഭീറിന്റേത്. രോഹിത്തും അഗാര്‍ക്കറും, മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഇവര്‍ എത്തുന്നതാണ് നല്ലത്, സഞ്ജയ് മഞ്ജരേക്കര്‍ എക്സില്‍ കുറിച്ചു.
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് വിട്ടേക്ക്, ഞങ്ങളുടെ ലക്ഷ്യം ഓസ്ട്രേലിയയില്‍ പരമ്പര ജയം എന്നുള്‍പ്പെടെയായിരുന്നു മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയ ഗംഭീറിന്റെ വാക്കുകള്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ പെര്‍ത്ത് ടെസ്റ്റ് കളിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനും ഗംഭീറിന് കഴിഞ്ഞില്ല.
രോഹിത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പ് പറയാനാവില്ല. എന്താവും കാര്യങ്ങള്‍ എന്ന് നിങ്ങളെ അറിയിക്കുന്നതാണ്. രോഹിത് പെര്‍ത്ത് ടെസ്റ്റിന് ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ബുമ്രയാണ് വൈസ് ക്യാപ്റ്റന്‍. രോഹിത് കളിക്കുന്നില്ലെങ്കില്‍ ബുമ്ര ടീമിനെ നയിക്കും. പെര്‍ത്തില്‍ ബുമ്രയാവും ക്യാപ്റ്റന്‍, ഗംഭീര്‍ പറഞ്ഞു.