എട്ട് ഏകദിന സെഞ്ചറികളിലേക്ക് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, ബാബര്‍ അസം എന്നീ താരങ്ങളെ മറികടന്ന് അഫ്ഗാന്‍ താരം ഗുര്‍ബാസ്. ബംഗ്ലാദേശിനെ അഫ്ഗാനിസ്ഥാന്‍ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച കളിയിലാണ് ഗുര്‍ബാസ് തന്‍റെ എട്ടാം സെഞ്ചറിയിലേക്ക് എത്തിയത്.
120 പന്തുകളില്‍ നിന്ന് അഞ്ച് ഫോറും ഏഴ് സിക്സും ഉള്‍പ്പെടെ 101 റണ്‍സ് ആണ് ഗുര്‍ബാസ് നേടിയത്. ഗുര്‍ബാസിന്‍റെ സെഞ്ചറി മികവില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 245 റണ്‍സ് വിജയ ലക്ഷ്യം 10 പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ മറികടന്നു. ഗുര്‍ബാസിന്‍റേയും ഒമര്‍സായിയുടേയും കൂട്ടുകെട്ടാണ് അഫ്ഗാനിസ്ഥാനെ ചെയ്സിങ് ജയത്തിലേക്ക് എത്തിച്ചത്.
22 വര്‍ഷവും 357 ദിവസവും പ്രായമുള്ളപ്പോഴാണ് ഗുര്‍ബാസ് തന്‍റെ എട്ടാം ഏകദിന ശതകം സ്വന്തമാക്കിയത്. സച്ചിനെയാണ് ഇവിടെ ഗുര്‍ബാസ് രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാമതേക്ക് മാറ്റിയത്. ദക്ഷിണാഫ്രിക്കയുടെ ഡി കോക്ക് ആണ് ഇവിടെ ഒന്നാം സ്ഥാനത്തുള്ളത്. 22 വര്‍ഷവും 312 ദിവസവും പ്രായമുള്ളപ്പോഴാണ് ഡി കോക്ക് തന്റെ എട്ടാം ഏകദിന ശതകം തൊട്ടത്.
22 വയസും 357 ദിവസവും പിന്നിട്ടപ്പോഴായിരുന്നു സച്ചിന്‍ തന്‍റെ എട്ടാം ഏകദിന സെഞ്ചറിയിലേക്ക് എത്തിയത്. 23 വര്‍ഷവും 27 ദിവസവും പ്രായമുള്ളപ്പോഴാണ് കോലി ഈ നേട്ടം തൊട്ടത്. പാകിസ്ഥാന്റെ ബാബര്‍ അസമാണ് ഈ നേട്ടത്തില്‍ നാലാം സ്ഥാനത്ത്. 23 വയസും 280 ദിവസവുമായപ്പോഴായിരുന്നു ബാബര്‍ അസമിന്റ നേട്ടം.
ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ചറികള്‍ നേടിയ താരമാണ് ഗുര്‍ബാസ്. ആറ് സെഞ്ചറികളുമായി മുഹമ്മദ് ഷഹ്സാദ് ആണ് രണ്ടാം സ്ഥാനത്ത്. ബംഗ്ലാദേശിന് എതിരായ തന്‍റെ മൂന്നാമത്തെ സെഞ്ചറിയാണ് ഗുര്‍ബാസ് കണ്ടെത്തിയത്.