Untitled design - 1

ഓസ്ട്രേലിയയ്ക്കെതിരായ അഡ്‍ലെയ്ഡ് ഡേ–നൈറ്റ് ടെസ്റ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ തീ തുപ്പും പന്തുകള്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിങ് നിര. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 44.1 ഓവറില്‍ 180 റണ്‍സിന് ആള്‍ ഔട്ടായി.  6 വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ തളച്ചത്. 

ആദ്യ പന്തില്‍ ഓപ്പണര്‍ യശസ്വി ജയ്‍സ്വാളിനെ നഷ്ടപ്പെട്ടാണ് ഇന്ത്യ തുടങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്. 69-1 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ ഇന്നിങ്സിനെ വീഴ്ത്തിയത് സ്റ്റാര്‍ക്കിന്‍റെ ബൗളിങ്ങാണ്. കെഎല്‍ രാഹുലും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് സ്കോറിങ് തുടര്‍ന്നെങ്കിലും രാഹുലിന്‍റെ വിക്കറ്റിലാണ് കൂട്ടുകെട്ട് തകര്‍ന്നത്. 37 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കിയതും മിച്ചല്‍ സ്റ്റാര്‍ക്ക്. ആറു ബൗണ്ടറിയടക്കമാണ് രാഹുലിന്‍റെ ഇന്നിങ്സ്.

വീണ്ടും സ്റ്റാര്‍ക്കിന്‍റെ ഊഴം. ഏഴ് റണ്‍സെടുത്ത കോലിയെ സ്റ്റീവ് സ്മിത്തിന്‍റെ കയ്യിലെത്തിച്ചാണ് സ്റ്റാര്‍ക്ക് പുറത്താക്കിയത്. 31 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയത് സ്കോട്ട് ബോളണ്ട് ആണ്. ആറാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (3) ബോളണ്ടിന്റെ പന്തിലാണ് പുറത്തായത്.35 പന്തില്‍ 21 റണ്‍സെടുത്ത റിഷഭ് പന്തിന്‍റെ വിക്കറ്റ് കമ്മിന്‍സിനാണ്. രണ്ട് ബൗണ്ടറി അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. റിഷഭ് പന്ത് പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 109. പിന്നാലെ ക്രീസിലെത്തിയ ആര്‍ അശ്വിന്‍റെ തകര്‍പ്പനടിയാണ് ഇന്ത്യന്‍ സ്കോര്‍ 140 കടന്നത്. 22 പന്തില്‍ മൂന്ന് ബൗണ്ടറി സഹിതം 22 റണ്‍സാണ് അശ്വിന്‍ നേടിയത്.

ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ വാലറ്റത്തിന്റെ കരുത്തിലാണ് സ്കോര്‍ മെച്ചപ്പെടുത്തിയത്. നിതീഷ് റെഡ്ഡിയുടെയും ആര്‍. അശ്വിന്‍റെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ അഞ്ച് ഓവറില്‍ 32 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്നുണ്ടാക്കിയത്.സ്റ്റാര്‍ക്കിന്‍റെ പന്തില്‍ അശ്വിനും പുറത്തായതോടെ കൂറ്റനടികളിലൂടെ സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്ന ചുമതല നിതീഷ് റെഡ്ഡി എറ്റെടുത്തു. 42 ഓവര്‍ പിന്നിടുമ്പോള്‍ 46 പന്തില്‍ 42 റണ്‍സാണ് നിതീഷ് റെഡ്ഡിയുടെ ബാറ്റില്‍ നിന്നും പിറന്നത്. മൂന്ന് വീതം ബൗണ്ടറിയും സിക്സറും നിതീഷ് നേടി. 42-ാം ഓവറില്‍ മാത്രം 21 റണ്‍സാണ് ഇന്ത്യ നേടിയത്.ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമയ്ക്കു പുറമേ ശുഭ്മൻ ഗിൽ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ടീമിൽ തിരിച്ചെത്തിയതാണ് ഇന്ത്യന്‍ നിരയിലെ മാറ്റം. 

ENGLISH SUMMARY:

AUS vs IND; India has been bowled out for 180 in the first innings