പാക്കിസ്ഥാനില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ മുന്നിലുള്ളത് മൂന്ന് വഴികളാണ്. മത്സരം ഹൈബ്രിഡ് മോഡില്‍ നടത്തുകയോ പാക്കിസ്ഥാന് പുറത്ത് നടത്തുകയോ ഇന്ത്യയെ പങ്കെടുപ്പിക്കാതെ ടൂര്‍ണമെന്‍റ് നടത്തുകയോ ചെയ്യുക.

ഇന്ത്യയെ പങ്കെടുപ്പിക്കാതെയുള്ള ടൂര്‍ണമെന്‍റ് എന്നത് ഐസിസിക്ക് സാമ്പത്തിക നഷ്ടം വരുത്തുമെന്നതിനാല്‍ അതിന് മുതിരില്ലെന്ന് ഉറപ്പ്. ഇന്ത്യ– പാക്ക് മത്സരങ്ങള്‍ പാക്കിസ്ഥാന് പുറത്ത് നടത്തുകയോ ടൂര്‍ണമെന്‍റ് പാകിസ്ഥാന് പുറത്ത് നടത്തുകയോ ചെയ്യുകയാണ് ആകെയുള്ള വഴി.

ടൂര്‍ണമെന്‍റ് ഹൈബ്രിഡ് മോഡലില്‍ നടത്തണമെന്ന് ഐസിസി പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യ കപ്പ് ക്രിക്കറ്റിന് സമാനമായി ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയില്‍ നടത്താമെന്നാണ് ഐസിസിയുടെ നിര്‍ദ്ദേശം.

പാകിസ്ഥാന്‍ ഈ തീരുമാനത്തിന് അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ ടൂര്‍ണമെന്‍റ് തന്നെ പാകിസ്ഥാനില്‍ നിന്നും നഷ്ടമാകും എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ടൂര്‍ണമെന്‍റ് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റാനാണ് ഐസിസിക്ക് താല്‍പര്യം. 

നിലവില്‍ ഹൈബ്രിഡ് മോഡലില്‍ മത്സരങ്ങള്‍ നടത്തുന്നതിനെ പറ്റി ബിസിസിഐയോ ഐസിസിയോ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നാണ് പാക ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്‍വി പറഞ്ഞത്.

ഹൈബ്രിഡ് മോഡലിനെ പറ്റി ചര്‍ച്ച വന്നാല്‍ അക്കാര്യം സര്‍ക്കാറുമായി ആലോചിച്ച് തീരുമാനിക്കും. പാകിസ്ഥാനിലേത്ത് ഇന്ത്യ വന്നില്ലെങ്കില്‍ ഭാവിയില്‍ ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളിലേക്ക് പോകണോ വേണ്ടോയോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം മറ്റൊരു പോംവഴി നിര്‍ദ്ദേശിക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ താരം ബാസിത് അലി.  ഇന്ത്യ പാകിസ്ഥാനിലേക്ക് വന്നില്ലെങ്കില്‍ പാക് ടീമിന് രണ്ട് പോയിന്‍റ് അധികം നല്‍കണമെന്നാണ് ബാസിത് അലിയുടെ നിര്‍ദ്ദേശം.

പാകിസ്ഥാന്‍റെ എല്ലാ മത്സരങ്ങളും പാക്കിസ്ഥാനില്‍ തന്നെ കളിക്കണം. കാരണം പാകിസ്ഥാനാണ് ഹോസ്റ്റിങ് അവകാശം. ഇന്ത്യ പാക്കിസ്ഥാനില്‍ കളിച്ചില്ലെങ്കില്‍ രണ്ട് പോയിന്‍റ് പാകിസ്ഥാന നല്‍കണം 1996 ലെ ലോകകപ്പില്‍ ശ്രീലങ്കയില്‍ വെസ്റ്റ് ഇന്‍ഡീസും ഓസ്ട്രേലിയയും കളിക്കാത്ത സാഹചര്യത്തില്‍ ഇതുപോലെയാണ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. 

ENGLISH SUMMARY:

2025 ICC Champions Trophy, initially scheduled to be hosted by Pakistan, may be relocated to South Africa.