ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാമത്തെയും അവസാനത്തെയും ട്വന്‍റി 20 മത്സരമാണ് ഇന്ന്. ജോഹന്നാസ്ബര്‍ഗിലെ മത്സരത്തില്‍ ജയിച്ചാല്‍ മാത്രമാണ് ഇന്ത്യയ്ക്ക് പരമ്പര നേടാനാവുക. നിലവില്‍ 2-1 വിജയത്തോടെ പരമ്പരയില്‍ മുന്‍തൂക്കം ഇന്ത്യയ്ക്കാണ്. മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ പ്രകടനമാണ് ഏവരും ഉറ്റുനോക്കുന്നത്. 

തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായി സഞ്ജു നിരാശപ്പെടുത്തിയിരുന്നു. ബംഗ്ലാദേശിനെതിരായ ട്വന്‍റി 20 സെഞ്ചറിക്ക് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഡര്‍ബെന്‍ ട്വന്‍റി20യിലും സഞ്ജു സെഞ്ചറി നേടിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായ രണ്ട് മത്സരത്തിലും ഡക്കിനാണ് പുറത്തായത്. രണ്ട് ഡക്കിന് ശേഷമുള്ള മത്സരത്തില്‍ സഞ്ജുവിന്‍റെ ബാറ്റ് മറുപടി നല്‍കുമെന്ന പ്രതീക്ഷയിലാണ് ടീം. 

അതേസമയം ഇന്നും സഞ്ജുവില്‍ നിന്ന് മോശം പ്രകടനം ഉണ്ടായാല്‍ അത്  നാണക്കേടിന്‍റെ മറ്റൊരു റെക്കോര്‍ഡാകും. ഡക്കിന് പുറത്തായവരില്‍ കോലിയുടെ റെക്കോര്‍ഡിനൊപ്പമെത്തും. നിലവില്‍ ആറു ട്വന്‍റി 20 ഡക്ക് മലയാളി താരത്തിന്‍റെ പേരിലാണ്. ജോഹന്നാസ്ബെര്‍ഗില്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായാല്‍ സഞ്ജു വിരാട് കോലിയുടെ റെക്കോര്‍ഡിനൊപ്പമെത്തും. ട്വന്‍റി20 യില്‍ ഏറ്റവും കൂടുതല്‍ ഡക്കിന് പുറത്തായ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമനാണ് കോലി. ഏഴ് തവണ കോലി ഡക്കിന് പുറത്തായിട്ടുണ്ട്.  

ഒന്നാമന്‍ 151 ഇന്നിങ്സില്‍ 12 ഡക്കായ ഏകദിന ക്യാപ്റ്റന്‍ രോഗിത് ശര്‍മയാണ്. 117 ഇന്നിങ്സുകളില്‍ നിന്നാണ് കോലി ഏഴു തവണ ഡക്കായത്. 32 ഇന്നിങ്സാണ് സഞ്ജുവിനുള്ളത്. 

ഡക്കിന് പുറത്തായതില്‍ മറ്റൊരു റെക്കോര്‍ഡ് സഞ്ജുവിന്‍റെ പേരിലുണ്ട്. കലണ്ടര്‍ വര്‍ഷം അഞ്ച് വട്ടം ഡക്കായി പുറത്താവുന്ന രണ്ടാമത്തെ താരം എന്ന നാണക്കേടിന്റെ റെക്കോര്‍ഡ് സഞ്ജുവിന്റെ പേരിലാണ്. ട്വന്റി20 ക്രിക്കറ്റില്‍ കലണ്ടര്‍ വര്‍ഷം അഞ്ച് ഡക്കുകളിലേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററാണ് സഞ്ജു. കലണ്ടര്‍ വര്‍ഷം മൂന്ന് ഡക്കുകളോടെ യൂസഫ് പഠാന്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരാണ് സഞ്ജുവിന്റെ പിന്നിലായുള്ളത്.

ENGLISH SUMMARY:

Can Sanju Samson equal Virat Kohli's record among duck outs in T20.