sanju-tilak-centrury

തുടര്‍ ഡക്കുകളുടെ പരിഹാസത്തിന് ബാറ്റിലൂടെ മറുപടിയുമായി സഞ്ജു സാംസണ്‍. തുടർച്ചയായ രണ്ടാം സെഞ്ചറിയുമായി തിലക് വർമയും. ജൊഹാനസ്ബര്‍ഗില്‍ ഇന്ത്യയ്ക്ക് പിറന്നത് ഇരട്ട സെഞ്ചറി. 50 പന്തിൽ ആറു ഫോറും എട്ടു സിക്സും സഹിതമാണ് സഞ്ജു പരമ്പരയിലെ രണ്ടാം സെഞ്ചറി കുറിച്ചത്. കരിയറിലെ മൂന്നാം സെഞ്ചറിയാണിത്. 109 റൺസ് നേടിയ സഞ്ജു പുറത്താകാതെ നിന്നു. 

തുടര്‍ച്ചയായ രണ്ടാം സെഞ്ചറിയാണ് തിലക് വർമയുടേത്. 41 പന്തിൽ ആറു ഫോറും ഒൻപതു സിക്സും സഹിതമാണ് തിലകിന്‍റെ സെഞ്ചറി. ഇന്നിങ്സിലാകെ ഒൻപതു ഫോറും 10 സിക്സും സഹിതം 120 റൺസോടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്കോറും പിറന്നു. ഇരട്ട സെഞ്ചറി കൂട്ടുകെട്ടാണ് സഞ്ജു – തിലക് സഖ്യത്തിന്‍റേത്. 86 പന്തിൽ 210 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 

മൂന്ന് തവണയാണ് ഈ രണ്ട് ഇന്ത്യന്‍ താരങ്ങളെയും ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാരുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ടത്. രണ്ട് തവണയാണ് തിലക് വര്‍മയെ ഫീല്‍ഡര്‍മാരുടെ പിഴവ് രക്ഷിച്ചത്. ജെറാൾഡ് കോറ്റ്‌സിയുടെ 15-ാം ഓവറില്‍ 77 നില്‍ക്കെയാണ് ആദ്യ ക്യാച്ച് നഷ്ടമാകുന്നത്. 

തൊട്ടടുത്ത ഓവറില്‍ മാർക്കോ ജാൻസന്‍റെ പന്തിലാണ് സഞ്ജുവിന്‍റെ ക്യാച്ച് നഷ്ടപ്പെടുത്തിയത്. സഞ്ജുവിന്‍റെ ഷോട്ട് ബൗളറുടെ കയ്യില്‍ തട്ടിയാണ് തെറിച്ചത്. 91 റണ്‍സില്‍ നില്‍കെയായിരുന്നു ഇത്. 95 ല്‍ നില്‍കെ സിക്സറിനുള്ള ശ്രമമാണ് തിലക് വര്‍മയുടെ അടുത്ത ക്യാച്ച്. കോറ്റ്സെയുടെ പന്തില്‍ ജാന്‍സനാണ് ക്യാച്ച് നഷ്ടപ്പെടുത്തിയത്. 

ENGLISH SUMMARY:

Sanju Samson and Tilak Varma score centuries in final t20 against South Africa.