ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിലെ സഞ്ജുവിന്റെയും തിലകിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിനിടെ ഗാലറിയില്‍ കണ്ണീരും കണ്ടു.  സഞ്ജുവടിച്ച സിക്സര്‍ നേരെവന്നുപതിച്ചത് യുവതിയുടെ മുഖത്താണ്. വേദനകൊണ്ട് പുളഞ്ഞ യുവതി കരയാന്‍ തുടങ്ങിയതോടെ സമീപത്തുനിന്നും ആരോ ഐസ്‌ക്യൂബ് കൊടുത്തു. ഇതും മുഖത്തമര്‍ത്തിപ്പിടിച്ച് കരയുന്ന യുവതിയുടെ ദൃശ്യങ്ങള്‍ മത്സരം സംപ്രേഷണം ചെയ്ത ചാനലും കാണിക്കുന്നുണ്ടായിരുന്നു. ഇതോടെ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി. 

റെക്കോര്‍ഡുകള്‍ കടപുഴകിയ ജൊഹാനസ്ബർഗില്‍  ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്കു ത്രസിപ്പിക്കുന്ന ജയമാണ് നേടാനായത് . ഒപ്പം പരമ്പരയും. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന മത്സരത്തില്‍ 135 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 283 റണ്‍സെടുത്തു. സഞ്ജു സാംസണും തിലക് വര്‍മയും ചേര്‍ന്ന് വാണ്ടറേഴ്സിലെ പുല്ലുകള്‍ക്ക് തീപിടിപ്പിച്ചപ്പോള്‍ പിറന്നത് രണ്ട് സെഞ്ചറികള്‍. സഞ്ജുവിന്‍റെ കരിയറിലെ മൂന്നാമത്തെ സെഞ്ചറിയും തിലകിന്‍റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചറിയും. സഞ്ജു തുടങ്ങിവച്ച ആക്രമണം തിലക് അതുക്കുംമേലെ എന്നോണം പൂര്‍ത്തിയാക്കി. മൂന്നാംതവണ മാത്രമാണ് രാജ്യാന്തര ടി ട്വന്‍റി മല്‍സരത്തില്‍ രണ്ട് ബാറ്റര്‍മാര്‍ സെഞ്ചറി നേടുന്നത്.

തിലക് വെറും 47 പന്തില്‍ 10 സിക്സറുകളും 9 ബൗണ്ടറികളുമടക്കം വാരിക്കൂട്ടിയത് 120 റണ്‍സ്. 56 പന്ത് നേരിട്ട സഞ്ജു 9 സിക്സറുകള്‍ പറത്തി. 6 ഫോറുമടക്കം ആകെ 109 റണ്‍സ്. ആദ്യ ഓവര്‍ മുതല്‍ സഞ്ജുവും അഭിഷേക് ശര്‍മയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരെ സ്റ്റേഡിയത്തിന്‍റെ മുക്കിലും മൂലയിലും പായിച്ചു. 18 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത അഭിഷേക് ശര്‍മ അമിതാവേശത്തില്‍ വിക്കറ്റ് കളഞ്ഞുകുളിച്ചപ്പോഴാണ് തിലക് സഞ്ജുവിനൊപ്പം ചേര്‍ന്നത്. പിന്നെ പിറന്നത് ചരിത്രം! ഇരുവരും ചേര്‍ന്ന് അടിച്ചൂകൂട്ടിയത് 210 റണ്‍സ്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് 283 റണ്‍സ്. 

ദക്ഷിണാഫ്രിക്ക 7 ബോളര്‍മാരെ പരീക്ഷിച്ചെങ്കിലും എല്ലാവരും തല്ലുവാങ്ങി. 4 ഓവറില്‍ 42 റണ്‍സ് വഴങ്ങിയ മാര്‍ക്കോ ജാന്‍സനായിരുന്നു തമ്മില്‍ ഭേദം. 4 ഓവറില്‍ 58 റണ്‍സ് വഴങ്ങിയ സിപാംലയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ അനുവദിച്ചില്ല. ജയിക്കാന്‍ 284 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക 18.2 ഓവറില്‍ എല്ലാവരും പുറത്തായി. മില്ലര്‍ (36), സ്റ്റബ്സ്(43), ജന്‍സന്‍(29) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. അര്‍ഷ്ദീപ് സിങ് മൂന്നു വിക്കറ്റുകളെടുത്തു. വരുണ്‍ ചക്രവര്‍ത്തിയും അക്സര്‍ പട്ടേലും രണ്ടു വിക്കറ്റുകള്‍ വീതം നേടി. 

Sanju Samson six hit the face, young woman in tears, footage goes viral:

Sanju's six hit the face; Young woman in tears, footage goes viral. . India got a thrilling win against South Africa in Johannesburg