താൻ സഞ്ജു സാംസണിൻ്റെ കടുത്ത ആരാധകനാണെന്ന് വെളിപ്പെടുത്തി വെസ്റ്റൻഡീസിന്‍റെ മുൻ ബൗളറും കമൻ്റേറ്ററുമായ ഇയാൻ ബിഷപ്പ്. ആയാസരഹിതമായ ബാറ്റിങ് ശൈലിയാണ് സഞ്ജുവിന്‍റേത് എന്നും ഇയാൻ ബിഷപ്പ് പറഞ്ഞു. മറ്റൊന്നിലും ശ്രദ്ധിക്കാതെ കഠിനാധ്വാനം ചെയ്യൂ എന്നാണ് ഈ ആരാധകന് മലയാളി താരത്തിനോടുള്ള ഉപദേശം. സെൻ്റ് ലൂസിയയിൽ നിന്ന് മനോരമ ന്യൂസിന് വേണ്ടി സിബി ഗോപാലകൃഷ്ണനാണ് ഇയാൻ ബിഷപ്പിന്‍റെ പ്രതികരണം തേടിയത്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യിലും സെഞ്ചറി നേടിയതോടെ ചരിത്രം കുറിക്കുകയായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി-20യില്‍ മൂന്ന് സെഞ്ചറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് സഞ്ജു തന്‍റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തത്. അവസാന കളിയില്‍ 56 പന്തുകള്‍ നേരിട്ട സഞ്ജു 9 സിക്സറുകളും 6 ഫോറുമടക്കം 109 റണ്‍സാണ് അടിച്ചുകൂട്ടിയത്.  ദക്ഷിണാഫ്രിക്കക്കെതിരായ അവസാന മത്സരത്തില്‍ 135 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി-20യില്‍ സഞ്ജു സെഞ്ചറി നേടിയിരുന്നു. അതിനുശേഷം രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ‍ഡക്ക് വന്നതോടെ കലണ്ടര്‍ വര്‍ഷം അഞ്ച് വട്ടം ഡക്കായി പുറത്താവുന്ന രണ്ടാമത്തെ താരം എന്ന നാണക്കേടിന്റെ റെക്കോര്‍ഡും സ‍ഞ്ജുവിന്‍റെ പേരിലായി. പിന്നീട് വിമര്‍ശനങ്ങളുടെ ഘോഷയാത്രയാണ് സ‍ഞ്ജുവിന് നേരിടേണ്ടിവന്നത്. ട്രോളുകളിലും സഞ്ജു നിറഞ്ഞു നിന്നു. 

ദക്ഷിണാഫ്രിക്കക്കെതിരായ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് പടുകൂറ്റന്‍ സ്കോര്‍ നേടിത്തന്നത് സഞ്ജുവും തിലകും ചേര്‍ന്നാണ്. ജൊഹാനസ്ബർഗില്‍ ഇന്ത്യയ്ക്കു ത്രസിപ്പിക്കുന്ന ജയം നേടിക്കൊടുത്തപ്പോള്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചറിയെന്ന നേട്ടവും തിലക് സ്വന്തമാക്കി. വെറും 47 പന്തില്‍ 10 സിക്സറുകളും 9 ബൗണ്ടറികളുമടക്കം തിലക് വാരിക്കൂട്ടിയത് 120 റണ്‍സ്. അഭിഷേക് ശര്‍മയുടെ അമിതാവേശം വിക്കറ്റ് കളഞ്ഞുകുളിച്ചപ്പോഴാണ് തിലക് സഞ്ജുവിനൊപ്പം ചേര്‍ന്നത്. പിന്നെ പിറന്നത് ചരിത്രമായിരുന്നു. 

ENGLISH SUMMARY:

Commentator Ian Bishop praised Sanju samson