ഫയല്‍ ചിത്രം

കനത്ത മഴയെ തുടര്‍ന്ന് നെറ്റ്സ് പ്രാക്ടീസ് ടീം അംഗങ്ങള്‍ ഉള്‍പ്പടെ മതിയാക്കിയിട്ടും മടങ്ങാതെ കോലി. പെര്‍ത്തിലെ ഓപ്റ്റസ് സ്റ്റേഡിയത്തിലായിരുന്നു ടീം ഇന്ത്യയുടെ പരിശീലനം. കോലിയുടെ സമര്‍പ്പണ മനോഭാവത്തെ മുക്തകണ്ഠം പ്രശംസിക്കുകയാണ് ആരാധകര്‍. മഴ കുറഞ്ഞ ശേഷം പരിശീലനം തുടരാന്‍ കോലി കാത്തുവെങ്കിലും കാലാവസ്ഥ കൂടുതല്‍ വഷളായതോടെ ടീമംഗങ്ങള്‍ക്കൊപ്പം മടങ്ങുകയായിരുന്നു. 

നവംബര്‍ 22നാണ് ബോര്‍ഡര്‍– ഗവാസ്കര്‍ പരമ്പര ആരംഭിക്കുന്നത്. ഓസ്ട്രേലിയയില്‍ മികച്ച കളി പുറത്തെടുത്തിട്ടുള്ള കോലി അതിനായുള്ള അശ്രാന്ത പരിശ്രമത്തിലാണെന്നും പഴയ റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ കോലിക്ക് കഴിയട്ടെ എന്നും ഗവാസ്കര്‍ ആശംസിച്ചിരുന്നു. പെര്‍ത്തിലും അഡ്​ലെയ്ഡിലും കോലി വീണ്ടും ചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. 

'ന്യൂസീലന്‍ഡിനെതിരെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കോലിക്ക് കഴിഞ്ഞിരുന്നില്ല.  റണ്‍സ് നേടാനുള്ള അതിയായ ദാഹം കോലിക്കുണ്ടാകുണ്ടാകുമെന്ന് ഉറപ്പാണ്'. അഡ്​ലെയ്ഡില്‍ മുന്‍പ് ഇന്ത്യ കളിച്ചപ്പോള്‍ 36ന് എല്ലാവരും പുറത്തായ സാഹചര്യത്തില്‍ പോലും ആദ്യ ഇന്നിങ്സില്‍ 70 ലേറെ റണ്‍സെടുത്ത ചരിത്രം കോലിക്കുണ്ടെന്നും സുനില്‍ ഗവാസ്കര്‍ ഓര്‍ത്തെടുത്തു. 'അഡ്​ലെയ്ഡ് കോലിക്കേറെ പരിചിതമായ ഗ്രൗണ്ടാണ്. അതിന് മുന്‍പ് പെര്‍ത്തിലാണ് കളി. പെര്‍ത്താവട്ടെ, 2018–19 ല്‍ കോലിയുടെ അതിമനോഹരമായ ടെസ്റ്റ് സെഞ്ചറി പിറന്നയിടമാണ്. അത്യുജ്ജല സെഞ്ചറിയായിരുന്നു അത്. അതുകൊണ്ട് തന്നെ ഈ ഗ്രൗണ്ടുകളില്‍ കോലി ഇറങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാകും'. തുടക്കത്തില്‍ കടന്നുകിട്ടിയാല്‍ കോലി മികച്ച ഫോമിലേക്ക് ഉയരു'മെന്നും ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു. 

ഡേ–നൈറ്റ് ഫോര്‍മാറ്റിലാണ് ടെസ്റ്റ് ക്രമീകരിച്ചിരിക്കുന്നത്. 22ന് പെര്‍ത്തിലും അഡ്​ലെയ്​ഡ് ഓവലില്‍ ഡിസംബര്‍ ആറുമുതല്‍ 10 വരെയുമാണ് മല്‍സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെ ബ്രിസ്ബെയ്​നിലും  നടക്കും. 

 ഡിസംബര്‍  26 മുതല്‍ 30വരെയാണ് ആരാധകര്‍ കാത്തിരിക്കുന്ന പരമ്പരാഗത ബോക്സിങ് ഡേ ടെസ്റ്റ് മല്‍സരങ്ങള്‍ മെല്‍ബണില്‍ നടക്കുക.  അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് സിഡ്നി സ്റ്റേഡിയത്തില്‍ ജനുവരി മൂന്ന് മുതല്‍ ഏഴുവരെ നടക്കും. 

ബോര്‍ഡര്‍ ഗവാസ്കര്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം അംഗങ്ങള്‍:  രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ.എല്‍. രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറൈല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, അകാഷ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിദ് റാണ, നിതിഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍. റിസര്‍വ് താരങ്ങള്‍  മുകേഷ് കുമാര്‍ , നവ്​ദീപ് സെയ്നി, ഖലീല്‍ അഹമ്മദ്. 

ENGLISH SUMMARY:

Virat Kohli continued to bat in the nets even after India's first practice at the Optus Stadium in Perth was halted due to heavy rain, breaks internet. Kohli's dedication was praised by many social media users.