ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച പെര്‍ത്തില്‍ തുടങ്ങാനിരിക്കേ ഇന്ത്യന്‍ ടീം കഠിന പരിശീലനത്തിലാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യ ടെസ്റ്റില്‍ ഇല്ല. പകരം ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും. വിരാട് കോലി, രോഹിത്, കെ.എല്‍.രാഹുല്‍ എന്നിവരുടെയെല്ലാം കരിയറില്‍ നിര്‍ണായകമാകാന്‍ പോകുന്ന പരമ്പരയാണ് ഓസ്ട്രേലിയയിലേത്. മൂവരുടെയും ബാറ്റിങ് ഫോം ആണ് പ്രധാന ആശങ്ക. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പ്രകടനവും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും. എന്നാല്‍ ടീം ഒന്നാകെയെടുത്താല്‍ ഇവരെ എല്ലാവരെക്കാളും കൂടുതല്‍ സമ്മര്‍ദം നേരിടുന്നത് മറ്റൊരാളാണ്. ഹെഡ് കോച്ച് ഗൗതം ഗംഭീര്‍.
ന്യൂസീലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോല്‍വിയാണ് ഗൗതം ഗംഭീറിനെ വല്ലാതെ വെട്ടിലാക്കിയത്. പരിശീലകനെന്ന നിലയിലുള്ള ഗംഭീറിന്‍റെ ‘ഹണിമൂണ്‍’ ദുരന്തമായെന്ന് ചുരുക്കം. ടെസ്റ്റിലും ഏകദിനങ്ങളിലും ട്വന്‍റി ട്വന്‍റിയിലും കൈവരിച്ച ആധിപത്യം നിലനിര്‍ത്താന്‍ ഉദ്ദേശിച്ചാണ് ബിസിസിഐ രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമിയായി ഗൗതം ഗംഭീറിനെ കൊണ്ടുവന്നത്. 2024 ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ചത് ഗംഭീറിന്‍റെ മികവായി കണ്ടായിരുന്നു തീരുമാനം. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലായിരുന്നു കോച്ചായുള്ള അരങ്ങേറ്റം. എന്നാല്‍ 27 കൊല്ലത്തിനിടെ ആദ്യമായി ഇന്ത്യ ശ്രീലങ്കയില്‍ ഏകദിന പരമ്പര തോറ്റു. ട്വന്‍റി ട്വന്‍റി പരമ്പര ജയിച്ചു. പിന്നാലെ ബംഗ്ലാദേശിനെ ടെസ്റ്റ്, ട്വന്‍റി ട്വന്‍റി പരമ്പരകളില്‍ കീഴടക്കി.
അടുത്തത് ന്യൂസീലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര. ഇന്ത്യയില്‍ ഒരു പരമ്പര വിജയം കിവീസ് പോലും സ്വപ്നം കണ്ടിട്ടുണ്ടാവില്ല. എന്നാല്‍ സംഭവിച്ചത് ചരിത്രം. 91 വര്‍ഷത്തിനിടെ ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേരിട്ട ഏറ്റവും നാണംകെട്ട തോല്‍വി. 3 ടെസ്റ്റുകളുടെ പരമ്പര ന്യൂസീലാന്‍ഡ് തൂത്തുവാരി. ഇതോടെ ബിസിസിഐ അപകടം മണത്തു. ചോദ്യങ്ങള്‍ അനവധി ഉയര്‍ന്നു. എല്ലാ ഫോര്‍മാറ്റിലും അതിശക്തരായിരുന്ന ഒരു ടീം എങ്ങനെ ഇത്ര ദുര്‍ബലരായി? ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരു ടീമിനെയാണോ ഗംഭീറിന് കിട്ടിയത്? ഗംഭീറിനുകീഴില്‍ എങ്ങോട്ടാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പോക്ക്?
ഇന്ത്യന്‍ ടീമിന്‍റെ തന്ത്രപരമായ പരാജയങ്ങളാണ് ശ്രീലങ്കയിലും ന്യൂസീലാന്‍ഡിനെതിരെ നാട്ടില്‍ നടന്ന പരമ്പരയിലും മുഴച്ചുനിന്നത്. ശ്രീലങ്കയിലും ഇന്ത്യയിലും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍മാര്‍ സ്പിന്നിനെതിരെ മുട്ടിടിച്ച് വീണപ്പോള്‍ പുനെയിലും മുംബൈയിലുമെല്ലാം കൂടുതല്‍ സ്പിന്‍ പിച്ചുകളൊരുക്കാനാണ് ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ടത്. അതിന്‍റെ തിരിച്ചടി പരമ്പരയില്‍ കാണുകയും ചെയ്തു. തന്‍റെ ക്യാപ്റ്റന്‍സി പരാജയമായിരുന്നുവെന്ന് ന്യൂസീലാന്‍ഡ് പരമ്പരയ്ക്കുശേഷം രോഹിത് ശര്‍മ തുറന്നുപറഞ്ഞപ്പോള്‍ ഹെഡ് കോച്ചിന് ഒന്നും പറയാനുണ്ടായിരുന്നില്ല.
ജൂലൈ ഒന്‍പതിന് ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായി നിയമിച്ച ശേഷം ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നിയും സെക്രട്ടറി ജയ് ഷായും ഒരേ സ്വരത്തില്‍ പറഞ്ഞത് അദ്ദേഹത്തിന്‍റെ നേതൃത്വം ഇന്ത്യന്‍ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്നാണ്. ഗംഭീറിന്‍റെ ആത്മാര്‍ഥതയും പാഷനും തന്ത്രങ്ങളും പോരാട്ടവീര്യവുമെല്ലാം അവര്‍ ഉയര്‍ത്തിക്കാട്ടി. ടീമിന്‍റെ ഭാവിയെക്കുറിച്ചുള്ള ഗംഭീറിന്‍റെ കാഴ്ചപ്പാടും ബോര്‍ഡിന്‍റെ കാഴ്ചപ്പാടും ഒന്നാണെന്നായിരുന്നു ബിന്നിയുടെയും ഷായുടെയും പ്രഖ്യാപനം. അതിലൊന്നും ഇപ്പോഴും സംശയമില്ല. പക്ഷേ പിന്നീട് സംഭവിച്ച കാര്യങ്ങള്‍ ബിസിസിഐ നേതൃത്വത്തിനും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം.
ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഓസ്ട്രേലിയയില്‍ കളിക്കാരെക്കാള്‍ ബിസിസിഐയും ക്രിക്കറ്റ് വിദഗ്ധരും ആരാധകരുമെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് ഗൗതം ഗംഭീറിനെയായിരിക്കും. കോച്ച് എന്ന നിലയിലുള്ള തീരുമാനങ്ങള്‍, കളിക്കാര്‍ അത് കളത്തില്‍ നടപ്പാക്കുന്ന രീതി, വീഴ്ചകള്‍, അവ മറികടക്കാന്‍ നടത്തുന്ന ഇടപെടലുകള്‍, മല്‍സരത്തിലുണ്ടാകുന്ന വഴിത്തിരിവുകള്‍ എല്ലാം കോച്ചിന്‍റെ കൂടി അക്കൗണ്ടില്‍ വരും. സംഭവിക്കുന്നതെല്ലാം നല്ലതെങ്കില്‍ കോച്ചിനും നല്ലത്. അല്ലെങ്കില്‍ പരിശീലകന്‍ എന്ന നിലയില്‍ ഗംഭീറിന്‍റെ ഭാവി പരുങ്ങലിലാകും.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിനെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നാണ് ഓസ്ട്രേലിയയിലേക്ക് പുറപ്പെടുംമുന്‍പ് ഗൗതം ഗംഭീര്‍ പറഞ്ഞത്. ഓസ്ട്രേലിയയ്ക്കെതിരെ 4–0ന് ടെസ്റ്റ് പരമ്പര വിജയിച്ചാല്‍ മാത്രമേ ഇന്ത്യ ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ എത്തൂ. അതിന് സാധ്യതയില്ലെന്ന് തുറന്നുപറയുകയാണോ കോച്ച്? കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനങ്ങളിലും വിജയിച്ച ഇന്ത്യയ്ക്ക് ഇക്കുറിയും പരമ്പര നേട്ടം തന്നെയാണ് ലക്ഷ്യം. അത് ഏതുവിധേനയും സാധ്യമാക്കുക മാത്രമാണ് പദവി നിലനിര്‍ത്താന്‍ ഗംഭീറിന് മുന്നിലുള്ള വഴി. അദ്ദേഹത്തിന് മാത്രമല്ല, പല മുതിര്‍ന്ന താരങ്ങള്‍ക്കും ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി കരിയറിലെ ‘മേക്ക് ഓര്‍ ബ്രേക്ക്’ അവസരമായിരിക്കും.