ഇന്ത്യന്‍ ബാറ്റിങ് നിരയിലെ പൊന്നും താരമാണ് ഋഷഭ് പന്ത്. 2021ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയ്ക്ക് ചരിത്രവിജയം നേടിക്കൊടുത്ത ബാറ്റര്‍. എന്നാല്‍ ഇത്തവണ ഓസ്ട്രേലിയയില്‍ ഫോം കണ്ടെത്താന്‍ പാടുപെടുകയാണ് താരം. പെര്‍ത്ത് ടെസ്റ്റില്‍ 37, 1, അഡ്‍ലെയ്ഡില്‍ 21, 38, ബ്രിസ്ബെയ്ന്‍ ടെസ്റ്റില്‍ 9 എന്നിങ്ങനെയാണ് ഇതുവരെ പന്തിന്‍റെ സംഭാവന. ന്യൂസീലാന്‍ഡിനെതിരായ പരമ്പരയില്‍ മൂന്ന് അര്‍ധസെഞ്ചറി കുറിച്ച പന്ത് ഓസ്ട്രേലിയയില്‍ ഫോം തുടരുമെന്ന പ്രതീക്ഷ ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല.
ബാറ്റിങ്ങിനെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ഋഷഭിന് നല്ല ബോധ്യമുണ്ടെന്നും കൂടുതല്‍ സംസാരിച്ച് ആശയക്കുഴപ്പമുണ്ടാക്കേണ്ടതില്ലെന്നുമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിലപാട്. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്കര്‍ ഇത് തള്ളിക്കളയുന്നു. ‘ഇന്ത്യന്‍ സ്കോര്‍ മൂന്നിന് 525 ഒക്കെയാണെങ്കില്‍ ക്രീസിലെത്തിയാലുടന്‍ ആക്രമിച്ച് കളിക്കുന്നതില്‍ തെറ്റില്ല. അങ്ങനെയല്ലെങ്കില്‍ പൊന്നു പന്തേ, ആദ്യത്തെ അരമണിക്കൂര്‍ ഒന്ന് ക്ഷമിക്ക്, ബഹുമാനിക്ക്, ക്രീസിലെത്തുമ്പോള്‍ അല്‍പം ക്ഷമ കാണിക്ക്, സാഹചര്യങ്ങളെ ബഹുമാനിക്ക്...’ – ഗവാസ്കര്‍ സ്പോര്‍ട്സ് ചാനല്‍ പരിപാടിയില്‍ തുറന്നടിച്ചു.
ഓസ്ട്രേലിയന്‍ പിച്ചുകളില്‍ ഓസീസ് ബോളര്‍മാര്‍ ഉയര്‍ത്തുന്ന വെല്ലുവിളി അവഗണിച്ചിട്ട് കാര്യമില്ല. കമിന്‍സും ജോഷ് ഹെയ്സല്‍വുഡും സ്കോട്ട് ബോളണ്ട് വരെയും പന്തിനെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഓസീസ് പേസര്‍മാര്‍ ക്രീസില്‍ ഒരുവശത്തുനിന്ന് മറുവശത്തെ ആംഗിളുകളിലേക്ക് ബോള്‍ ചെയ്യുമ്പോള്‍ അമിതാവേശം വിനയാകുമെന്നും ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം ചൂണ്ടിക്കാട്ടി. അഡ്‍ലെയ്ഡില്‍ സ്കോട്ട് ബോളണ്ടിന്‍റെ ആദ്യപന്ത് ക്രീസില്‍ നിന്നിറങ്ങി ഹിറ്റ് ചെയ്യാന്‍ പന്ത് ശ്രമിച്ചത് വലിയ ചര്‍ച്ചയായിരുന്നു.
എന്നാല്‍ ഓസ്ട്രേലിയന്‍ ഇതിഹാസതാരം മാത്യു ഹെയ്ഡന്‍ ഋഷഭ് പന്ത് സ്വന്തം ശൈലിയില്‍ത്തന്നെ കളിക്കണമെന്ന നിലപാടുകാരനാണ്. നിര്‍ഭയമായി കളിക്കുന്ന പന്തിന്‍റെ സമീപനം പരമ്പരയില്‍ ഇന്ത്യയ്ക്ക് ഗുണംചെയ്യുമെന്ന് പന്ത് അരാധകന്‍ കൂടിയായ ഹെഡ്‍ഡന്‍ പറഞ്ഞു. ‘ഓസ്ട്രേലിയന്‍ സാഹചര്യങ്ങളെ ഭയക്കേണ്ടതില്ല. പന്തായാലും രോഹിത്തായാലും സ്വാഭാവികശൈലിയില്‍ കളിച്ചാല്‍ നേട്ടമുണ്ടാക്കാം’ – ഹെയ്ഡന്‍ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച മെല്‍ബണിലാണ് ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നാലാം മല്‍സരം.