ബാറ്റിങ്ങിൽ ഇന്ത്യൻ ടീം തകർന്ന് തരിപ്പണമായ ശേഷം, ക്യാപ്റ്റൻ തന്നെ മുന്നിൽ നിന്ന് നയിക്കുന്ന കാഴ്ച്ച.. അതായിരുന്നു പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ ഹൈലൈറ്റ്. കിടു ബൗളിംഗിനു പുറമേ കിടിലൻ ക്യാപ്റ്റൻസിയും. ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ പേസർമാർ അഴിഞ്ഞാടിയപ്പോള്‍ ആദ്യ ദിവസം പ്രതിരോധത്തിലായത് ഓസ്ട്രേലിയ തന്നെ.
കളി തീരുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന പരിതാപകരമായ നിലയിലാണ് ഓസീസ്. 28 പന്തിൽ 19 റണ്‍സുമായി അലക്സ് ക്യാരിയും 14 പന്തിൽ ആറ് റണ്‍സുമായി മിച്ചല്‍ സ്റ്റാർക്കുമാണ് ക്രീസിൽ. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യയെ ഓസ്ട്രേലിയ 150 റൺസിനാണ് എറിഞ്ഞൊതുക്കിയത്. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബുമ്രയുടെ മറുപടി അതേ നാണയത്തിൽ തന്നെയായിരുന്നു.
പേസ് ആക്രമണത്തിന്‍റെ ചുക്കാന്‍ പിടിച്ച ജസപ്രീത് ബുമ്ര കൂടാരം കയറ്റിയത് 4 മുന്‍നിര ബാറ്റര്‍മാരെയാണ്. നേഥൻ മക്സ്വീനി 10), ഉസ്മാന്‍ ഖവാജ (8), സ്റ്റീവ് സ്മിത്ത് (0), പാറ്റ് കമിൻസ് (3) എന്നിവരെയാണ് ക്യാപ്റ്റന്‍ പുറത്താക്കിയത്. ഇതിന് പുറമേ, സിറാജ് രണ്ടും ഹർഷിത് റാണ ഒരു വിക്കറ്റും പോക്കറ്റിലാക്കി.
പേസർ ഹർഷിത് റാണ 13 പന്തിൽ 11 റൺസെടുത്ത ട്രാവിസ് ഹെഡിനെ ബോൾഡാക്കുകയായിരുന്നു. മുഹമ്മദ് സിറാജ് മിച്ചൽ മാർഷിനെ കെ.എൽ. രാഹുലിന്റെ കൈകളിലെത്തിച്ചു. വൺഡൗണായി ഇറങ്ങിയ ലബുഷെയ്ൻ 21–ാം ഓവർ വരെ പിടിച്ചുനിന്നെങ്കിലും രണ്ട് റൺസ് മാത്രമാണ് സ്കോർ ബോര്‍ഡിൽ കൂട്ടിച്ചേർത്തത്. പെർത്ത് സ്റ്റേഡിയം പേസർമാരെ പിന്തുണയ്ക്കുമെന്ന അവസരം മുതലെടുത്താണ് ഇന്ത്യൻ ബോളർമാരുടെ പ്രത്യാക്രമണം.
3 ബോളർമാരെ വെച്ച് സ്പെൽ മാറ്റി മാറ്റി, എന്നാല്‍ വേണ്ട വിശ്രമം കൊടുത്തും, എൻഡ് ചെയ്ഞ്ച് ചെയ്തും ക്യാപ്റ്റന്‍ ബുമ്ര ഇന്ന് നടത്തിയ നീക്കങ്ങൾ പ്രശംസ അര്‍ഹിക്കുന്നു. തുടക്കത്തിൽ വേണ്ടത്ര ശോഭിക്കാതിരുന്ന സിറാജിനെ ഉപയോഗപ്പെടുത്തി രണ്ട് വിക്കറ്റുകള്‍ കൊയ്തതും ക്യാപ്റ്റന്‍റെ നേട്ടമാണ്.