ഏത് ലോകോത്തര ബൗളറുടെയും പേടി സ്വപ്നമായിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റർ വീരേന്ദർ സെവാഗിന്റെ മകനും ബൗളർമാരുടെ അന്തകനാകുമെന്ന് ഉറപ്പായി. അച്ഛന്റെ വഴിയേ തന്നെയാണ് മകൻ ആര്യവീറിന്റെയും യാത്ര.
കൂച്ച് ബിഹർ ട്രോഫി അണ്ടർ –19 ക്രിക്കറ്റിൽ കുട്ടിത്താരം ഇരട്ട സെഞ്ച്വറി അടിച്ചെടുത്തിരിക്കുകയാണ്. തന്റെ മകൻ ഐപിഎല്‍ സെലക്ഷന് വേണ്ടിയുള്ള ശ്രമം ആരംഭിച്ചെന്ന് സേവാഗ് നേരത്തേ വ്യക്തമാക്കിയിരുന്നു.
മേഘാലയയ്ക്കെതിരെ ഡൽഹിക്ക് വേണ്ടി ഓപ്പണറായാണ് ആര്യവീർ ഇറങ്ങിയത്. രണ്ടാംദിനം കളി നിർത്തുമ്പോൾ താരം 229 പന്തിൽ 200 റൺസ് നേടിയിട്ടുണ്ട്. ആര്യവീറിനെ പുറത്താക്കാൻ പതിനെട്ടടവും പുറത്തെടുത്തിട്ടും ബൗളർമാർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 34 ഫോറുകളും 2 സിക്സുകളും അകമ്പടി ചാർത്തിയാണ് ആര്യവീറിന്റെ ഡബിൾ സെഞ്ച്വറി.
ആര്യവീറിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്ത അർണവ് ബുഗ 114 റൺസ് നേടി. 98 റൺസ് നേടിയ ധന്യ നക്രയാണ് ആര്യവീറിനൊപ്പം നിലവിൽ ക്രീസിലുള്ളത്. നിലവിൽ 2ന് 468 എന്ന നിലയിലാണ് ഡൽഹി.
ഒന്നാം ഇന്നിങ്‌സിൽ മേഘാലയ 260 റണ്‍സില്‍ കൂടാരം കയറിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കായി 2024ലാണ് ആര്യവീർ അരങ്ങേറ്റം കുറിച്ചത്.