ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. ഒന്നാമിന്നിങ്സില്‍ 46 റണ്‍സിന്‍റെ ലീഡ് നേടിയ ടീം രണ്ടാമിന്നിങ്സില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 172 റണ്‍സെടുത്തു. ആകെ 218 റണ്‍സിന്‍റെ ലീഡ്. ഒന്നാമിന്നിങ്സില്‍ 46 റണ്‍സ് ലീഡ് നേടിയ ഇന്ത്യ ആശങ്കയേതുമില്ലാതെ മുന്നേറുകയാണ്. ഒന്നരദിവസം കൊണ്ട് 20 വിക്കറ്റ് വീണ പിച്ചില്‍ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും കെ.എല്‍.രാഹുലും രണ്ടാംദിവസം അനായാസം ബാറ്റുവീശി. യശസ്വി 90 റണ്‍സോടെയും രാഹുല്‍ 62 റണ്‍സെടുത്തും ക്രീസിലുണ്ട്. ടെസ്റ്റില്‍ ജയ്സ്വാളിന്‍റെ എട്ടാം അര്‍ധസെഞ്ചറിയാണിത്. രാഹുലിന്‍റെ പതിനഞ്ചാമത്തേതും. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് ഏഴ് ബോളര്‍മാരെ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. പത്തോവറില്‍ 9 റണ്‍സ് മാത്രം വഴങ്ങിയ ജോഷ് ഹേസല്‍വുഡാണ് ഏറ്റവും മികച്ചുനിന്നത്.
നേരത്തേ ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് ഇന്ത്യ 104 റണ്‍സില്‍ അവസാനിപ്പിച്ചു. 46 റണ്‍സിന്‍റെ ലീഡ്. ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 150 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെയും ഹര്‍ഷിത് റാണയുടെയും തീപാറുന്ന ബോളിങ്ങാണ് ഓസ്ട്രേലിയയെ കശക്കിയെറിയാന്‍ ഇന്ത്യയ്ക്ക് കരുത്തായത്. 26 റണ്‍സ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കിനും 21 റണ്‍സെടുത്ത അലക്സ് കാരിയും ഒഴികെ ആര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ബുംറ അഞ്ചും റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് വീഴ്ത്തി.
ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ഏറ്റവും ചെറിയ അഞ്ചാമത്തെ സ്കോറാണ് പെര്‍ത്തിലെ 104. ഇന്ത്യയ്ക്കെതിരായ രണ്ടാമത്തെ ചെറിയ സ്കോറും. 1981ല്‍ മെല്‍ബണില്‍ ഇന്ത്യ ഓസ്ട്രേലിയയെ 81 റണ്‍സിന് പുറത്താക്കിയിട്ടുണ്ട്. 1985നുശേഷം ഓസ്ട്രേലിയ സ്വന്തം മണ്ണില്‍ കുറിക്കുന്ന ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോറും ഇതുതന്നെയാണ്. ഒരു ടെസ്റ്റിന്റെ ഒന്നാമിന്നിങ്സില്‍ ആദ്യം ബാറ്റ് ചെയ്ത് 150 റണ്‍സിന് പുറത്തായ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന അഞ്ചാമത്തെ ലീഡാണ് ഇന്ത്യ കുറിച്ച 46 റണ്‍സ് ലീഡ്.
പെര്‍ത്തില്‍ അഞ്ചുവിക്കറ്റ് നേടിയ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ കപില്‍ദേവിനൊപ്പം റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു. ഏഷ്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ അഞ്ചുവിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യക്കാരന്‍ എന്ന കപിലിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് ബുംറ ഇപ്പോള്‍. 9 തവണയാണ് ഏഷ്യയ്ക്ക് പുറത്ത് ബുംറയും കപിലും ഒരിന്നിങ്സില്‍ 5 വിക്കറ്റ് നേടിയത്. 2007ല്‍ അനില്‍ കുംബ്ലെയ്ക്കുശേഷം ആദ്യമായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ 5 വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍റെ ഏറ്റവും മികച്ച രണ്ടാമത്തെ ബോളിങ് പ്രകടനം കൂടിയാണ് ഇത്. 106 റണ്‍സിന് 8 വിക്കറ്റ് നേടിയ കപില്‍ ദേവാണ് മുന്നില്‍.