ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിയിലെ ആദ്യ ടെസറ്റിലെ ആദ്യ ഇന്നിങ്സില്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യന്‍ ബാറ്റിങ് നിര ശോഭ വീണ്ടെടുക്കുകയാണ് രണ്ടാം ഇന്നിങ്സില്‍. ഓപ്പണിങില്‍ ഡക്കിന് പുറത്തായ യശ്വസി ജയ്സ്വാള്‍ സെഞ്ചറിയോടെ നെടുംതൂണായ രണ്ടാം ഇന്നിങ്സില്‍ വിരാട് കോലിയും ഒട്ടും നിരാശനാക്കിയില്ല. ആദ്യ ഇന്നിങ്സില്‍ അഞ്ച് റണ്‍സിന് പുറത്തായ കോലി സെഞ്ചറിയും കടന്ന് കുതിക്കുകയാണ്.
134-ാം ഓവറിലാണ് കോലിയുടെ സെഞ്ചറി പിറന്നത്. എട്ട് ബൗണ്ടറിയും രണ്ട് സിക്സറും അടങ്ങുന്നതാണ് കോലിയുടെ ഇന്നിങ്സ്. ഇതിലൊരു സിക്സര്‍ ചെന്ന് പതിച്ചത് ഗ്രൗണ്ടിലെ സെക്യൂരിറ്റി ഗാര്‍ഡിന്‍റെ തലയിലാണ്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ 101–ാം ഓവറിലാണ് സംഭവം. ഗ്യാലറിയിലേക്ക് തിരിഞ്ഞിരിക്കുകയായിരുന്ന സെക്യൂരിറ്റി ഗാര്‍ഡിന്‍റെ തലയിലേക്ക് പന്ത് ചെന്ന് പതിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ മത്സരം നിര്‍ത്തിവച്ചു. ഉടനെ മൈതാനത്തുണ്ടായിരുന്ന നാഥന്‍ ലിയോൺ അടക്കമുള്ള ഓസീസ് താരങ്ങള്‍ സെക്യൂരിറ്റി ഗാര്‍ഡിനരികിലെത്തി. ഓസീസ് ടീം ഫിസിയോ എത്തി പ്രാഥമിക ശുശ്രൂഷയും നടത്തി പ്രശ്നങ്ങളില്ലെന്ന് ബോധ്യപ്പെട്ട ശേഷമാണ് മത്സരം പുനരാരംഭിച്ചത്.
പെര്‍ത്ത് ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇന്ത്യന്‍ ലീഡ് 490 റണ്‍സ് കടക്കുമ്പോഴേക്കും ആറു വിക്കറ്റാണ് നഷ്ടമായത്. സെഞ്ചറി നേടിയ യശ്വസി ജയ്സ്വാള്‍ (161), അര്‍ധ സെഞ്ചറി നേടിയ കെഎല്‍ രാഹുല്‍ (77), ദേവ്‍ദത്ത് പടിക്കല്‍ (25), റിഷഭ് പന്ത് (ഒന്ന്), ധ്രുവ് ജുറേല്‍ (ഒന്ന്), വാഷിങ്ടണ്‍ സുന്ദര്‍ (29) എന്നിവപുടെ വിക്കറ്റാണ് നഷ്ടമായതത്. വിരാട് കോലിക്കൊപ്പം 25 റണ്‍സെടുത്ത നിതിഷ് റെഡ്ഡിയാണ് ക്രീസില്‍.