ന്യൂസീലന്‍ഡ് പരമ്പരയിലെ തോല്‍വിയുടെ ഭാരം ഓസ്ട്രേലിയക്കെതിരെ പെര്‍ത്തില്‍ 295 റണ്‍സിന്റെ ജയം തൊട്ട് ഇന്ത്യ ഇറക്കി വയ്ക്കുകയായിരുന്നു. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് ആധിപത്യം നേടി. എന്നാല്‍ ഇതിന് പിന്നാലെ ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് വരുന്നത്. പെര്‍ത്ത് ടെസ്റ്റിലെ ജയത്തിന് പിന്നാലെ ഗൗതം ഗംഭീര്‍ ഓസ്ട്രേലിയയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് നാട്ടിലേക്കുള്ള ഗംഭീറിന്‍റെ മടക്കം എന്നാണ് സൂചന. അഡ്ലെയ്ഡില് നടക്കുന്ന രണ്ടാം ടെസ്റ്റിന്‍റെ സമയമാവുമ്പോഴേക്കും ഗംഭീര്‍ തിരികെ ടീമിനൊപ്പം ചേരുമോ എന്ന് വ്യക്തമല്ല. നാട്ടിലേക്ക് തിരിക്കാനുള്ള ഗംഭീറിന്‍റെ ആവശ്യം ബിസിസിഐ അംഗീകരിച്ചു. ഡിസംബര്‍ ആറിനാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്. ബുധനാഴ്ച ഇന്ത്യന്‍ ടീം കാന്‍ബെറയിലേക്ക് തിരിക്കും. ഇവിടെ രണ്ട് ദിവസത്തെ പിങ്ക് ബോള്‍ ഗെയിം ടീം കളിക്കുന്നുണ്ട്. എന്നാല്‍ പരിശീലന മത്സരത്തിന്‍റെ സമയം ഗംഭീര്‍ ടീമിനൊപ്പം ഉണ്ടാവില്ല.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ പെര്‍ത്ത് ടെസ്റ്റിന് ഇടയില്‍ ടീമിനൊപ്പം ചേര്‍ന്നു. പെര്‍ത്ത് ടെസ്റ്റിന്‍റെ നാലാം ദിനം ഡ്രസ്സിങ് റൂമില്‍ ഗംഭീറിനൊപ്പം ഇരിക്കുന്ന രോഹിത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. തന്‍റെ രണ്ടാമത്തെ കുഞ്ഞിന്‍റെ ജനനത്തെ തുടര്‍ന്ന് കുടുംബത്തിനൊപ്പം സമയം ചിലവിടുന്നതിനായി രോഹിത് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. തിങ്കളാഴ്ച പിങ്ക് ബോളില്‍ രോഹിത് പരിശീലനം നടത്തുകയും ചെയ്തു.