അഡ്‍ലെയ്ഡില്‍ ഇന്ത്യയുടെ തുടക്കം പിഴച്ചു. ഇന്നിങ്സിലെ ആദ്യ പന്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് ഓപ്പണര്‍ യശ്വസി ജയ്‍സ്വാള്‍ പുറത്തായത്. പെര്‍ത്തില്‍ സെഞ്ചറി നേടിയ യശ്വസിയുടെ ബാറ്റില്‍ നിന്നും ഇന്ത്യ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ലെഗ് സ്റ്റംപ് ലക്ഷ്യമാക്കി വന്ന പന്ത് പ്രതിരോധിക്കാന്‍ യശ്വസിക്കായില്ല. അംപയര്‍ ഔട്ട് വിളിച്ചതോടെ ഓപ്പണര്‍ കെ.എല്‍ രാഹുലുമായി ദീര്‍ഘമായി സംസാരിച്ച ശേഷം റിവ്യു എടുക്കാതെയാണ് യശ്വസി മടങ്ങിയത്.
ഇന്ത്യന്‍ ഓപ്പണര്‍ ഗോള്‍ഡന്‍ ഡക്കായതോടെ ആദ്യ ഇന്നിങ്സിന്‍റെ യശ്വസിയുടെ സ്ലെഡ്ജും ചര്‍ച്ചയാകുന്നുണ്ട്. പെര്‍ത്ത് ടെസ്റ്റിലെ രണ്ടാം ദിനം ഇന്ത്യന്‍ ബാറ്റിങിനിടെ പന്തിന് വേഗത പോരെന്ന് യശ്വസി ജയ്‌സ്വാള്‍ സ്റ്റാര്‍ക്കിനോട് പറഞ്ഞിരുന്നു. പിന്നീട് മത്സരത്തില്‍ സെഞ്ചറിയടിച്ച് യശ്വസി ടീമിന്‍റെ നെടുംതൂണമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഈ സ്ലെഡ്ജിനോട് പ്രതികരിച്ച സ്റ്റാര്‍ക്ക്, യശ്വസി പറഞ്ഞത് എന്താണെന്ന് ഞാന്‍ കേട്ടിരുന്നില്ലെന്നായിരുന്നു. ഞങ്ങള്‍ അക്കാര്യം അവിടെ ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് സ്റ്റാര്‍ക്ക് പറഞ്ഞത്.
അതേസമയം യശ്വസിയുടെ ഗോള്‍ഡന്‍ ഡക്ക് ഇരുവര്‍ക്കും റെക്കോര്‍ഡ് സമ്മാനിച്ചു. ടെസ്റ്റ് മത്സരത്തിന്‍റെ ആദ്യ പന്തിൽ വിക്കറ്റ് വീണ സംഭവങ്ങള്‍ 35 തവണ മാത്രമാണ് നടന്നത്. മൂന്ന് തവണ ഈ നേട്ടത്തിലെത്തിയ രണ്ടാമത്തെ ബൗളറാണ് സ്റ്റാര്‍ക്ക്. മുൻ വെസ്റ്റ് ഇൻഡീസ് പേസർ പെഡ്രോ കോളിൻസാണ് ഇതിന് മുനന്‍പ് മൂന്ന് തവണ ഗോള്‍ഡന്‍ ഡക്ക് സ്വന്തമാക്കിയത്.
2016ൽ ശ്രീലങ്കൻ ബാറ്റ്‌സ്മാൻ ദിമുത് കരുണരത്‌നെയെയും 2021ലെ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ട് ഓപ്പണർ റോറി ബേൺസിനെയും സ്റ്റാർക്ക് പുറത്താക്കിയിരുന്നു. ഗോള്‍ഡന്‍ ഡക്കാവുന്ന ആറാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനാണ് യശ്വസി. സുനില്‍ ഗവാസ്കര്‍, സുനില്‍ നായിക്, ഡബ്ലു.വി രാമന്‍, ശിവ സുന്ദര്‍ ദാസ്, വസിം ജാഫര്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ക്ക് ശേഷമാണ് യശ്വസി ഈ പട്ടികയിലെത്തുന്നത്.