Australian players celebrate running out Indian batsman Yashasvi Jaiswal (L) on the second day of the fourth cricket Test match between Australia and India at the Melbourne Cricket Ground(AFP)

മെല്‍ബണില്‍ യശസ്വി ജയ്​സ്വാളിന്‍റെ അപ്രതീക്ഷിത പുറത്താകലിന് കാരണമായത് വിരാട് കോലിയുടെ അശ്രദ്ധയെന്ന് സുനില്‍ ഗവാസ്കര്‍. സെക്കന്‍റുകളുടെ അശ്രദ്ധയാണ് വിക്കറ്റ് വീഴ്ത്തിയതെന്ന് ഇതിഹാസം പറയുന്നു. 'അതിവേഗത്തില്‍ ഓടിയെടുക്കാന്‍, പ്രത്യേകിച്ചും കോലിയെ പോലെ ഒരാള്‍ക്ക് ഓടിയെടുക്കാന്‍ കഴിയുന്നതായിരുന്നു. പക്ഷേ കോലി ഫീല്‍ഡറെ ഓടുന്നതിനിടയില്‍ നോക്കി. നിങ്ങള്‍ ഫീല്‍ഡറെ നോക്കാന്‍ പോകുമ്പോള്‍ തന്ത്രപ്രധാനമായ നിമിഷം കൈയില്‍ നിന്ന് പോകും. അപ്പോള്‍ സ്വാഭാവികമായും ഇത് ഓടിയാലെത്തില്ല എന്ന് മനസില്‍ തോന്നലുണ്ടാകും. സമനില തെറ്റും'- ഗവാസ്കര്‍ വിശദീകരിക്കുന്നു. റിസ്ക് അത്രയേറെയുള്ളപ്പോള്‍ എന്തിനാണ് ഓടിയതെന്നും ഗവാസ്കര്‍ കുറ്റപ്പെടുത്തി.  നന്നായി ബാറ്റ് ചെയ്താല്‍ സ്കോര്‍ ഉയരും, വിക്കറ്റ് തുലച്ച് ഓടുകയല്ല വേണ്ടതെന്നും അനാവശ്യമായിരുന്നു ആ ഓട്ടമെന്നും എന്നിരുന്നാലും വിക്കറ്റിനിടയില്‍ ഓടിയെടുക്കാന്‍ കോലിയെപ്പോലെ ഒരാള്‍ക്ക് സാധ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

11 ഫോറും ഒരു സിക്സുമടക്കം 118 പന്തില്‍ നിന്നും 82 റണ്‍സെടുത്ത് നില്‍ക്കവേയാണ് അപ്രതീക്ഷിതമായി യശസ്വി പുറത്തായത്. അര്‍ഹിച്ച സെ‍ഞ്ചറിക്കരികെയുള്ള യശസ്വിയുടെ പുറത്താകല്‍ ആരാധകരിലും നിരാശ പടര്‍ത്തി. സ്കോട്ട് ബൊലാണ്ടിന്‍റെ പന്തില്‍ സിംഗിളെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിക്കറ്റ് വീണത്. 

പന്ത് നോക്കി കോലി ഓടുന്നതിനിടയില്‍ കമിന്‍സിന് ലക്ഷ്യം തെറ്റിയെങ്കിലും കീപ്പറായ അലക്സ കാരി ഓടിയെടുത്ത് റണ്‍ഔട്ടാക്കുകയായിരുന്നു. വലിയ വിലയാണ് യശസ്വിയുടെയും പിന്നാലെ കോലിയുടെയും പുറത്താവലിന് ഇന്ത്യ നല്‍കേണ്ടി വന്നത്. 153/2 എന്ന നിലയില്‍ നിന്ന് 164 റണ്‍സെടുക്കുന്നതിനിടെ 3 വിക്കറ്റുകള്‍ കൂടി ഇന്ത്യയ്ക്ക് നഷ്ടമായി. ആകാശ് ദീപ് പൂജ്യത്തിന് പുറത്തായി. ഫോളോ ഓണ്‍ ഒഴിവാക്കണമെങ്കില്‍ ഇന്ത്യയ്ക്ക് 111 റണ്‍സ് കൂടി ആവശ്യമാണ്.

ENGLISH SUMMARY:

Sunil Gavaskar said that Virat Kohli could have made it if he hadn't looked at the fielder. According to Gavaskar, turning to check the fielder caused Kohli to lose a crucial second, affecting his balance. He questioned the need for such a risky run, especially when the openers were batting well and runs were coming easily