Untitled design - 1

അഡ്‍ലെയ്ഡ് ഡേ–നൈറ്റ് ടെസ്റ്റില്‍ ആസ്ട്രേലിയയ്ക്ക് എതിരെ ഇന്ത്യ തോല്‍വിയുടെ വക്കില്‍. ഒന്നാം ഇന്നിംഗ്‌സില്‍ 157 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 5 വിക്കറ്റ് നഷ്ടപ്പെട്ട് പരാജയ ഭീതിയിലാണ്. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍, അഞ്ചിന് 128 എന്ന നിലയിലാണ് ഇന്ത്യ. 

രണ്ട് വീതം വിക്കറ്റ് പിഴുത പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവരാണ് ഇന്ത്യയെ രണ്ടാം ഇന്നിങ്സിലും പ്രതിരോധത്തിലാക്കിയത്. 15 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയും 28 റണ്‍സുമായി റിഷഭ് പന്തുമാണ് ക്രീസിലുള്ളത്. 

ഒന്നാം ഇന്നിങ്സില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ തീ തുപ്പും പന്തുകള്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു ഇന്ത്യന്‍ ബാറ്റിങ് നിര. 6 വിക്കറ്റാണ്  മിച്ചല്‍ സ്റ്റാര്‍ക്ക് വീഴ്ത്തിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 180നെതിരെ ആസ്ട്രേലിയ 337 ന് ആള്‍ ഔട്ടായി.  ട്രാവിസ് ഹെഡാണ് ( 140 റണ്‍സ്) അവരുടെ ടോപ് സ്‌കോറര്‍. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി. 

രണ്ടാം ഇന്നിങ്സില്‍ ഓപ്പണര്‍ കെഎല്‍ രാഹുലിന്‍റെ സമ്പാദ്യം വെറും ഏഴ് റണ്‍സായിരുന്നു. യശസ്വി ജയ്‌സ്വാളും(24) ഇന്ത്യക്ക് നിരാശയാണ് സമ്മാനിച്ചത്.. വിരാട് കോലിയും 21 പന്തില്‍ 11 റണ്‍സിന് പുറത്തായി. ശുഭ്മാന്‍ ഗില്‍ 28 റണ്‍സിനും രോഹിത് ശര്‍മ ആറ് റണ്‍സിനും ക്രീസ് വിട്ടു. 

ENGLISH SUMMARY:

India vs Australia 2nd Test updates