സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനാക്കാന്‍ ബിസിസിഐ തയ്യാറെടുക്കുന്നതായി അഭ്യൂഹങ്ങള്‍. രോഹിതിന്‍റെ അഭാവത്തില്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ പ്രാപ്തിയുള്ള നായകനാണ് ബുംറയെന്നാണ് വിലയിരുത്തല്‍. ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി പരമ്പരയില്‍ ബുംറ നയിച്ച പെര്‍ത്ത് ടെസ്റ്റിലായിരുന്നു ഇന്ത്യ ആകെ ജയിച്ചതും. അതേസമയം, ബുംറയെ മുഴുവന്‍ സമയ ക്യാപ്റ്റനാക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന അഭിപ്രായവുമായി മുന്‍ താരമായ മുഹമ്മദ് കൈഫ് രംഗത്തെത്തി. ക്യാപ്റ്റന്‍ പദവി ബുംറയ്ക്ക് അധിക സമ്മര്‍ദം നല്‍കുമെന്നും പ്രകടനത്തെ ബാധിക്കുമെന്നുമാണ് കൈഫിന്‍റെ വാദം.
'മുഴുവന്‍ സമയ ക്യാപ്റ്റനായി ബുംറയെ നിയമിക്കുന്നതിന് മുന്‍പ് ബിസിസിഐ രണ്ടുവട്ടം ആലോചിക്കണം. ബുംറ നിലവില്‍ വിക്കറ്റെടുക്കുന്നതിലും ഫിറ്റായി നില്‍ക്കുന്നതിലുമാണ് ശ്രദ്ധിക്കേണ്ടത്. നായകന്‍റെ ഉത്തരവാദിത്തം കൂടി ഏല്‍പ്പിച്ചാല്‍ കൂടുതല്‍ പരുക്കുകളിലേക്ക് ബുംറ എത്തിയേക്കുമെന്നും കരിയര്‍ വൈകാതെ അവസാനിപ്പിക്കേണ്ടിവരുമെന്നും പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരു'തെന്നും കൈഫ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
ക്യാപ്റ്റനായി പരിഗണിക്കുമ്പോള്‍ ബുംറയുടെ ഫിറ്റ്നസ് റെക്കോര്‍ഡ് കൂടി പരിഗണിക്കണമെന്ന നിര്‍ദേശവും കൈഫ് മുന്നോട്ടുവയ്ക്കുന്നു. ബാറ്റ്സ്മാന്‍മാരെ ക്യാപ്റ്റനാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ ക്യാപ്റ്റന്‍ സ്ഥാനം വഹിച്ച് പരിചയമുള്ളവരാണ് ഋഷഭ് പന്തും കെ.എല്‍.രാഹുലും. അവരിരുവരും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് യോഗ്യരുമാണെന്നും അദ്ദേഹം വ്യക്തമാക്കി. രോഹിതിന്‍റെ പിന്‍ഗാമിയായി ബുംറയെത്തുന്നത് അത്ര നല്ല ആശയമായിരിക്കില്ല. ടീമിനെയൊന്നാകെ ചുമലിലേറ്റുന്ന ബോളറാണ് ബുംറ. അതിനൊപ്പം ക്യാപ്റ്റന്‍സി കൂടിയാകുമ്പോള്‍ കടുത്ത സമ്മര്‍ദമുണ്ടാകും. അടിക്കടി പരുക്കേല്‍ക്കാമെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.